മഴ കാരണം മത്സരം ഉപേക്ഷിച്ചാലോ സമനില ആയാലോ ആർക്കാകും ചാമ്പ്യൻസ് ട്രോഫി കിരീടം

ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടുന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ഞായറാഴ്ച ദുബായിൽ നടക്കുകയാണ്. മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. കിരീടം ഇന്ത്യ നേടിയാൽ അത് റെക്കോര്‍ഡ് ആകും. അതേസമയം. 2000 ല്‍ ആണ് കിവീസ് ആകെ ഒരു തവണ കിരീടം നേടിയത്. ഈ പശ്ചാത്തലത്തിൽ, മഴ കാരണം മത്സരം ഉപേക്ഷിച്ചാലോ സമനില ആയാലോ ആരാകും വിജയി എന്നത് നമുക്ക് നോക്കാം. 2019 ലെ ലോകകപ്പ് ഫൈനല്‍ മത്സരം സമനിലയിലായെങ്കിലും ന്യൂസിലന്‍ഡിന് കിരീടം ലഭിച്ചിരുന്നില്ല. അന്ന് ബൗണ്ടറി എണ്ണിയാണ് ഇംഗ്ലണ്ടിനെ വിജയായി പ്രഖ്യാപിച്ചത്. എന്നാൽ, ഇനി അത്തരമൊരു സാഹചര്യം ഇല്ലാതിരിക്കാൻ വേണ്ട നിയമഭേദഗതികൾ ഐ സി സി വരുത്തിയിട്ടുണ്ട്.

സമനിലയില്‍ അവസാനിച്ചാല്‍ എന്ത് സംഭവിക്കും?

ഫൈനല്‍ സമനിലയില്‍ ആയാല്‍ വിജയിയെ തീരുമാനിക്കാന്‍ ഒരു സൂപ്പര്‍ ഓവര്‍ നടക്കും. സൂപ്പര്‍ ഓവറും സമനിലയില്‍ ആയാല്‍, വിജയിയെ കണ്ടെത്തുന്നതുവരെ ഒന്നിലധികം സൂപ്പര്‍ ഓവറുകള്‍ കളിക്കും. 2019 ലോകകപ്പ് ഫൈനല്‍ പോലുള്ള സാഹചര്യം ഒഴിവാക്കുന്നതിനാണിത്.

മഴമൂലം ഉപേക്ഷിച്ചാല്‍?

പാകിസ്ഥാനില്‍ നടന്ന മൂന്ന് ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങൾ മഴ കാരണം ഉപേക്ഷിച്ചിരുന്നു. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലിന് മഴ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്.

എന്നാൽ, മഴ തടസ്സപ്പെട്ടാല്‍ ഇരുടീമുകളും ട്രോഫി പങ്കിടും. മുമ്പ് ഒരു തവണ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇത് സംഭവിച്ചിട്ടുണ്ട്. 2002 ല്‍, മഴ കാരണം മത്സരം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ ഇന്ത്യയും ശ്രീലങ്കയും ട്രോഫി പങ്കിട്ടിരുന്നു. 2002 ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ഇപ്പോഴും ഏറ്റവും വിവാദപരമായ ഐ സി സി ഫൈനലുകളില്‍ ഒന്നാണ്. രണ്ട് ദിവസങ്ങളിലായി 110 ഓവറിലധികം കളിച്ചു. പക്ഷേ രണ്ടാം ദിവസം കളി പുനരാരംഭിച്ചതിനാല്‍ കളി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.