തിമിംഗിലസ്രാവ് ദേശാടനത്തിലാണ്; ശ്രദ്ധിച്ചില്ലെങ്കിൽ ദുഃഖിക്കേണ്ടിവരും

തിരുവനന്തപുരം: ഇന്ത്യൻ തീരത്തുകൂടി ദേശാടനം നടത്തുന്ന തിമിംഗിലസ്രാവുകൾ വലയിൽ കുടുങ്ങുന്നതും തിരയിൽപ്പെട്ടു തീരത്തടിയുന്നതും പതിവാകുമ്പോൾ വലകൾ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികൾ വംശനാശം നേരിടുന്ന ജീവിയെ ഉപദ്രവിച്ചതിന്റെ പേരിൽ നിയമനടപടികൾകൂടി നേരിടേണ്ട സാഹചര്യത്തിലാണ്.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പത്തോളം തിമിംഗില സ്രാവുകളാണ് ജില്ലയിലെയും സമീപപ്രദേശങ്ങളിലെയും തീരങ്ങളിൽ വലയിൽ കുരുങ്ങുകയോ തീരത്തടിയുകയോ ചെയ്തത്. കുടുങ്ങിയവയിൽ ചിലതിനെ വലമുറിച്ച് രക്ഷപ്പെടുത്തി കടലിലേക്ക് തിരിച്ചുവിടുകയും ചെയ്തു. വല മുറിക്കുന്നതിലൂടെ മത്സ്യത്തൊഴിലാളികൾക്ക് വലിയ രീതിയിലുള്ള സാമ്പത്തികനഷ്ടം സംഭവിക്കുന്നുണ്ട്.

കടലിലെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ സുപ്രധാനപങ്ക് വഹിക്കുന്ന ജീവികളാണ് തിമിംഗില സ്രാവുകളെന്ന് വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, ഡൽഹി ഓഫീസിലെ മറൈൻ പ്രോജക്ട് വിഭാഗം തലവൻ സാജൻ ജോൺ പറഞ്ഞു. ദേശാടനം നടത്തുന്നവയാണ് ഈ സ്രാവുകൾ. ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ഇവയെ ഇന്ത്യൻ തീരത്ത് അറബിക്കടലിൽ കാണുന്നത്. അതിനുശേഷം ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് തീരങ്ങളിലേക്ക് പോകും.

ഒമാൻ തീരത്ത് നിന്നും ദേശാടനത്തിന്റെ ഭാഗമായി ഗുജറാത്തിലെത്തുന്ന ഇവ മഹാരാഷ്ട്ര, ഗോവ, കേരളം, ലക്ഷദ്വീപ്, മാല ദ്വീപ് തുടങ്ങിയ തീരങ്ങൾ സന്ദർശിച്ച് തിരികെ പോകും. ഇപ്പോൾ കേരള തീരത്തിലൂടെ സഞ്ചരിക്കുന്ന സമയമാണ്. അതിനാലാണ് ഇവ കൂട്ടത്തോടെയും അല്ലാതെയും വലയിൽ കുടുങ്ങുന്നത്.

സാധാരണ സ്രാവുകളെപ്പോലെ അക്രമസ്വഭാവം ഇതിനില്ല. ഇവയ്ക്ക് പല്ലുകളില്ല. കടലിലെ മറ്റുള്ള മത്സ്യങ്ങളെ ആക്രമിക്കില്ല. വെള്ളം അരിച്ചാണ് ആഹാരം ഭക്ഷിക്കുന്നത്.

വായ തുറന്ന് വെള്ളത്തിലൂടെ എപ്പോഴും സഞ്ചരിക്കും. ഇങ്ങനെ സഞ്ചരിക്കുമ്പോൾ ലഭിക്കുന്ന പ്ലവഗങ്ങൾ, ചെറുമീനുകൾ പോലുള്ളവയാണ് പ്രധാന ആഹാരം. വലിയ മത്സ്യങ്ങളെ ഭക്ഷണമാക്കില്ല. കടലിലുള്ള പ്ലവഗങ്ങൾ (ആൽഗ ബ്ലൂംസ്), കടൽച്ചൊറി എന്നിവയെ ഇല്ലാതാക്കും. ആൽഗകൾപോലുള്ളവ പെരുകുന്നത് കടലിൽ വിഷാംശം വർധിപ്പിക്കും. ഇത് മത്സ്യസമ്പത്തിനും, മത്സ്യത്തൊഴിലാളികൾക്കും ദോഷമാണ്. ഇവയെ നശിപ്പിക്കുക വഴിയാണ് കടലിലെ സന്തുലിതാവസ്ഥ നിലനിർത്താൻ തിമിംഗിലസ്രാവുകൾ സഹായിക്കുന്നതെന്ന് സാജൻ ജോൺ പറഞ്ഞു.

പരമ്പരാഗത മീൻപിടിക്കൽ സമ്പ്രദായമായ കമ്പവലകളെ ആശ്രയിക്കുന്ന മത്സ്യത്തൊഴിലാളികൾ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കൂടുതലാണ്. കരയിൽനിന്ന് നിയന്ത്രിക്കുന്ന സംവിധാനമാണ് കമ്പവല. തൊഴിലാളികൾ വലയുടെ ഒരു ഭാഗം കരയിലാക്കിയശേഷം മറുഭാഗം ബോട്ടിൽ കടലിലേക്ക് കൊണ്ടുപോയി ‘യു’ ആകൃതിയിൽ ഇട്ടശേഷം തിരികെ വരും.

കരയിൽനിന്ന് വല വലിക്കുമ്പോൾ തിമിംഗില സ്രാവുകൾ അബദ്ധത്തിൽ ഇതിൽ വന്ന് കുടുങ്ങുന്നതാണ്.
ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽപ്പെടുന്നതാണ് തിമിംഗിലസ്രാവ്. അതിനാൽ ഇവയ്ക്കെതിരേയുള്ള അതിക്രമങ്ങൾ നിയമനടപടികളിലേക്ക് നയിക്കാം. ഇക്കാര്യം മത്സ്യത്തൊഴിലാളികൾ ശ്രദ്ധിക്കണമെന്നും സാജൻ ജോൺ പറഞ്ഞു. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്ന ഇവ മത്സ്യത്തൊഴിലാളികൾക്ക് യാതൊരു ഉപദ്രവവും ഉണ്ടാക്കില്ല.

എന്നാൽ തിമിംഗിലസ്രാവുകൾ വലയിലകപ്പെടുമ്പോൾ ഇവയെ രക്ഷിക്കാനായി വല മുറിച്ചുമാറ്റുന്നതു വഴി ലക്ഷങ്ങളുടെ നഷ്ടം മത്സ്യത്തൊഴിലാളികൾക്കുണ്ടാകുന്നുണ്ട്. ചില സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ അതത് സംസ്ഥാന സർക്കാരുകൾ നഷ്ടപരിഹാരം നൽകാറുണ്ട്. ഉപജീവന മാർഗങ്ങൾ നഷ്ടമാകുമ്പോൾ ഇവിടെയും സർക്കാർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.