ജ്യൂസാണെന്ന് കരുതി മണ്ണെണ്ണ കുടിച്ച രണ്ടു വയസുകാരന്‍ ചികിത്സയിലിരിക്കെ മരിച്ചു

തിരുവനന്തപുരം.ജ്യൂസ് ആണെന്ന് കരുതി മണ്ണെണ്ണ കുടിച്ച രണ്ടു വയസുകാരന്‍ ചികിത്സയിലിരിക്കെ മരിച്ചു. കന്യാകുമാരി ജില്ലയില്‍ പനച്ചമൂടിന് സമീപം ദേവി കോടിലാണ് സംഭവം. അനില്‍-അരുണ ദമ്പതികളുടെ ഇളയ മകനായ ആരോണാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂത്ത സഹോദരനുമായി കളിക്കുന്നതിനിടെ ജ്യൂസിന്റ ബോട്ടിലില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ രണ്ടു വയസുകാരന്‍ കുടിക്കുകയായിരുന്നു.

കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ അമ്മയാണ് കുഞ്ഞ് മണ്ണെണ്ണ കുടിച്ചതായി കണ്ടത്. ഉടന്‍ തന്നെ നാട്ടുകാരെത്തി കുഞ്ഞിനെ കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയശേഷം കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്.