തിരുവനന്തപുരം : കിഴക്കേക്കോട്ട ബസ് സ്റ്റാൻഡ്‌ ലഹരി സംഘങ്ങളുടെ താവളമാകുന്നു.

തിരുവനന്തപുരം : കിഴക്കേക്കോട്ട ബസ് സ്റ്റാൻഡ്‌ ലഹരി സംഘങ്ങളുടെ താവളമാകുന്നു. ഇവർ തമ്മിലുള്ള തർക്കവും ഏറ്റുമുട്ടലുകളും യാത്രക്കാർക്കും കച്ചവടക്കാർക്കും ഭീഷണിയുമായിട്ടുണ്ട്.

തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ ബസ് സ്റ്റാൻഡിന്‌ സമീപത്തെ ഹോമിയോ ആശുപത്രിയിലെ വഴിയിൽ ഈ സംഘത്തിൽപ്പെട്ടവരും പുറത്തുനിന്നെത്തിയ ഒരു യുവാവുമായി ഏറ്റുമുട്ടി. ഇതിൽ സപ്ലൈകോ മെഡിക്കൽ സ്‌റ്റോറിന്റെ ചില്ലുവാതിൽ തകർന്നു. അര മണിക്കൂറോളം സംഘർഷം നീണ്ടു. പുറത്തു നിെന്നത്തിയ യുവാവിന്റെ തല പിടിച്ച് ഇടിച്ചപ്പോഴാണ് ചില്ലുവാതിൽ തകർന്നത്‌. അയാൾ പൊട്ടിയ ചിെല്ലടുത്ത്‌ മറ്റേയാളെ കുത്തി. കുത്തേറ്റയാൾക്ക്‌ 16 വയസ്സാണ് പ്രായം. ഫോർട്ട് പോലീസ് കേസെടുത്തിട്ടുണ്ട്.

മൂന്ന് ദിവസം മുൻപും ഇവിടെ ലഹരിസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. കൊലക്കേസ് പ്രതികളടക്കമുള്ളവർ ലഹരിസംഘത്തിലുണ്ടെന്നാണ് പോലീസും പറയുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളും ഇക്കൂട്ടത്തിലുണ്ട്. ലഹരി വാങ്ങാനെത്തുന്നവരുമായാണ് പലപ്പോഴും സംഘർഷം ഉണ്ടാകുന്നത്.

ഒഴിഞ്ഞു കിടക്കുന്ന ചില കടകൾ കേന്ദ്രീകരിച്ചാണ് ഇവർ തമ്പടിച്ചിരിക്കുന്നത്. രാത്രിയും പകലും ഈ സംഘം ഇവിടെത്തന്നെയുണ്ടാകും. ഇവർക്കെതിരേ പോലീസും കർശന നടപടിയെടുക്കുന്നില്ലെന്ന് ആരോപണമുണ്ട്. കിഴക്കേക്കോട്ടയിൽ തമ്പടിക്കുന്ന ലഹരിസംഘങ്ങളെ പുറത്താക്കണമെന്ന് വ്യാപാരികളും ആവശ്യപ്പെടുന്നു.