ഒറ്റ ക്ലിക്ക്, പതിഞ്ഞത് താജ്മഹലിന്റെ അപൂർവ ചിത്രം; മലയാളിക്ക് സ്വന്തമായത് ഒരു ലക്ഷം ദിർഹത്തിന്റെ പുരസ്കാരം

അബുദാബി: യുഎഇയിലെ `സ്പേസസ് ഓഫ് ലൈറ്റ് ഫോട്ടോ​ഗ്രഫി' പുരസ്കാരം സ്വന്തമാക്കി മലയാളി ഫോട്ടോ​ഗ്രാഫർ. തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ ടിഎ അൻവർ സാദത്താണ് കഴിഞ്ഞ വർഷം അബുദാബി ശൈഖ് സായിദ് ​ഗ്രാൻഡ് മോസ്ക് സെന്റർ നടത്തിയ `സ്പേസസ് ഓഫ് ലൈറ്റ് ഫോട്ടോ​ഗ്രഫി' പുരസ്കാരം നേടിയിരിക്കുന്നത്. ഇന്ത്യയിലെ താജ്മഹലിന്റെ ചിത്രം പകർത്തിയതാണ് അൻവർ സാദത്തിനെ പുരസ്കാരത്തിന് അർഹനാക്കിയത്. `സ്പേസസ് ഓഫ് ലൈറ്റ് ഫോട്ടോ​ഗ്രഫി' മത്സരത്തിലെ `മോസ്ക്സ് ആൻഡ് മസ്ജിദ്സ്' എന്ന വിഭാ​ഗത്തിലാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഒരു ലക്ഷം ദിർഹമാണ് ഈ പുരസ്കാരത്തിന്റെ സമ്മാനത്തുക.കഴിഞ്ഞ ദിവസം അബുദാബിയിലെ ശൈഖ് സായിദ് ​ഗ്രാൻഡ് മോസ്കിൽ നടന്ന ചടങ്ങിൽ യുഎഇ ആരോ​ഗ്യ പ്രതിരോധ മന്ത്രിയും ശൈഖ് സായിദ് ​ഗ്രാൻഡ് മോസ്ക് സെന്റർ ബോർഡ് ഓഫ് ​ട്രസ്റ്റീസ് ചെയർമാനുമായ അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസിൽ നിന്നാണ് അൻവർ പുരസ്കാരം ഏറ്റുവാങ്ങിയത്. സമാധാനം എന്ന പ്രമേയത്തിലെ പുരസ്കാരത്തിന്റെ എട്ടാം പതിപ്പായിരുന്നു നടന്നിരുന്നത്. ആകെ നാല് വിഭാ​ഗങ്ങളാണ് പുരസ്കാരത്തിനുള്ളത്. `മോസ്ക്സ് ആൻഡ് മസ്ജിദ്' എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വിഭാ​ഗം. ടെക്നിക്കൽ ആൻഡ് ‍ജനറൽ ഫോട്ടോ​ഗ്രഫി, ഡിജിറ്റൽ ആർട്ട്, ലൈഫ് അറ്റ് ദ മോസ്ക് എന്നിവയാണ് മറ്റ് മൂന്ന് വിഭാ​ഗങ്ങൾ.2024ലെ പെരുന്നാൾ ദിവസത്തിലാണ് `ട്രാൻക്വിലിറ്റി ഓഫ് താജ്മഹൽ' എന്ന പുരസ്കാരത്തിന് അർഹമായ ചിത്രം അൻവർ പകർത്തിയത്. രണ്ട് താജ്മഹൽ ചിത്രങ്ങളും ഒരു കോഴിക്കോട് മർക്കസ് നോളഡ്ജ് സിറ്റി മസ്ജിദിന്റെ ചിത്രവുമായിരുന്നു മത്സരത്തിനായി നൽകിയിരുന്നത്. ഇതിൽ താജ്മഹലിൽ നിന്നുള്ള ഒരു ഫോട്ടോയ്ക്കാണ് പുരസ്കാരം ലഭിച്ചത്. 2019ലും ഇതേ മത്സരത്തിൽ അൻവർ പങ്കെടുത്തിരുന്നു. ​ഗ്രാൻഡ് മോസ്കിന്റെ പല ചിത്രങ്ങൾ പകർത്തി അയച്ചുകൊടുത്തെങ്കിലും സമ്മാനം ലഭിച്ചിരുന്നില്ല. 2019ന് ശേഷം 2024ലാണ് സ്പേസസ് ഓഫ് ലൈറ്റ് ഫോട്ടോ​ഗ്രഫി മത്സരം വീണ്ടും വിളിച്ചത്. ബം​ഗളൂരുവിൽ നിന്ന് ഫോട്ടോ ജേർണലിസം പൂർത്തിയാക്കിയ അൻവർ നാട്ടിൽ ഫ്രീലാൻസ് ഫോട്ടോ​ഗ്രാഫറായി ജോലി ചെയ്തുവരികയാണ്.