കെഎസ്ആർടിസി ജീവനക്കാർക്ക് ഇനി ഒന്നാം തീയതി തന്നെ ശമ്പളം;കഴിഞ്ഞ മാസത്തെ ശമ്പളം ഇന്ന് ക്രെഡിറ്റാകുമെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇനി മുതൽ ഒന്നാം തിയതി ശമ്പളം നൽകുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ഫെബ്രുവരിയിലെ ശമ്പളം ചൊവ്വാഴ്ച വൈകിട്ട് മുതൽ തന്നെ ലഭിച്ച് തുടങ്ങും. സര്‍ക്കാര്‍ സഹായവും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.എസ്‍ബിഐയിൽ നിന്നും 100 കോടി ഓവര്‍ ഡ്രാഫ്റ്റ് എടുക്കും. ഇത് പിന്നീട് തിരിച്ചടക്കും. ഈ രീതിയിൽ എല്ലാ മാസവും ഒന്നാം തിയതി ശമ്പളം നൽകാനാവും. പെൻഷനും കൃത്യം കൊടുക്കും. വരുമാനത്തിൻ്റെ 5% പെൻഷനായി മാറ്റിവയ്ക്കും. രണ്ട് മാസത്തിനകം പെൻഷനും കൃത്യമായി വിതരണം ചെയ്യാനാവും. പിഎഫ് തുകയും കൃത്യമാക്കി കൊണ്ടുവരികയാണ്.

കെഎസ്ആര്‍ടിസിക്ക് ഇനി എസ്‍ബിഐയിൽ മാത്രമായിരിക്കും അക്കൗണ്ടെന്നും മന്ത്രി അറിയിച്ചു.തിരുവനന്തപുരം തമ്പാനൂരിൽ നിന്നുള്ള കെഎസ്‍ആര്‍ടിസി ഗജരാജ് ബസ് എറണാകുളത്തേക്ക് മാറ്റിയ മീഡിയവൺ വാർത്ത ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ബസുകൾ എംസി റോഡ് വഴി സർവീസ് നടത്തുന്നത് ആലോചിക്കാമെന്ന് അദ്ദേഹം അറിയിച്ചു. ദേശീയപാതാ നിര്‍മാണം വില്ലനായതോടെയാണ് തിരുവനന്തപുരത്ത് നിന്ന് ബെംഗളുരൂ സര്‍വീസ് നടത്തി വന്ന കെഎസ്‍ആര്‍ടിസി സ്വിഫ്റ്റ് ഗജരാജ് ബസുകള്‍ എറണാകുളത്തേക്ക് മാറ്റിയത്.