യുഗപുരുഷന്മാരുടെ ആദ്യ സമാഗമത്തിന് ഇന്ന് നൂറ് വയസ്; ശിവഗിരിയിൽ വിപുലമായ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി

തിരുവനന്തപുരം: ഗാന്ധിജിയും ശ്രീനാരായണ ഗുരുവും ആദ്യമായി തമ്മിൽ കണ്ടതിന്റെ ശതാബ്ദിയാണ് ഇന്ന്. 1925 മാര്‍ച്ച് 12നാണ് യുഗപുരുഷന്മാരുടെ സമാഗമം ശിവഗിരിയില്‍ നടന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിലും വിപുലമായ പരിപാടികളാണ് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് നടക്കുന്നത്
മണ്ണും മരങ്ങളും കാറ്റും വെളിച്ചവും വരെ സാകൂതം സാക്ഷിയായ സമാഗമമായിരുന്നു അത്. വനജാക്ഷി മന്ദിരത്തിന്റെ അകക്കെട്ടില്‍ ഇപ്പോഴുമുണ്ട് ഗാന്ധിജി ഗുരുവിനോടും ഗുരു മഹാത്മാവിനോടും പറഞ്ഞതിന്റെ പൊരുളും പ്രകാശവും. അന്ന് വൈകുന്നേരം ചെമ്മൺ പാതയിലൂടെ ഒരു കാര്‍ ശിവഗിരി മഠത്തിന് സമീപത്തെ വനജാക്ഷി മന്ദിരത്തിന് മുന്നില്‍ വന്നുനിന്നു. ഗാന്ധിജി ഇറങ്ങി. ടികെ മാധവന്റെ നേതൃത്വത്തില്‍ അതിഥിയെ സ്വീകരിച്ചു. അകത്തെ മുറിയില്‍ പുല്‍പ്പായയിലെ ഖദര്‍ വിരിപ്പില്‍ ഗാന്ധിജിയും ശ്രീനാരായണ ഗുരുവും മുഖാമുഖം ഇരുന്നു.
വൈക്കം സത്യാഗ്രഹം കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് ജാതി, മതം, മനുഷ്യന്‍ എന്നിങ്ങൻെ നവോത്ഥാനചിന്തകളുടെ ഉള്ളറിവുകള്‍ പരസ്പരം പങ്കുവച്ചു ഇരുവരും. ഒരു മണിക്കൂറോളം നീണ്ട സംഭാഷണത്തിനൊടുവില്‍ ഗാന്ധിജിയെയും സംഘത്തെയും ഗുരു ശിവഗിരി മഠത്തിലേക്ക് ക്ഷണിച്ചു. ശാരദാമഠത്തില്‍ ഗാന്ധിജി നമസ്കരിച്ചു. മണ്ഡപത്തില്‍ ഇരുവരും പിന്നെയും ഏറനേരം ഇരുന്നു. നവീകരിച്ച വനജാക്ഷി മന്ദിരം സാമാഗമ ശതാബ്ദിയില്‍ മ്യൂസിയമായി മാറുകയാണ്. ഗാന്ധി- ഗുരു കൂടിക്കാഴ്ചയുടെയും ചരിത്ര ഭാഷണത്തിന്റെയും രേഖാചിത്രങ്ങളോടെയാണ് ഈ പൗരാണിക മന്ദിരം ഇനി മാറുന്നത്.