മരുന്നിന്റെ പാര്‍ശ്വഫലം; നാല് വയസ്സുകാരന്‍ കഴിച്ച ചോക്ലേറ്റില്‍ ലഹരിയുടെ അംശമെന്ന പരാതിയില്‍ വഴിത്തിരിവ്

കോട്ടയത്ത് നാല് വയസ്സുകാരന്‍ കഴിച്ച ചോക്ലേറ്റില്‍ ലഹരിയുടെ അംശമെന്ന പരാതിയില്‍ വഴിത്തിരിവ്. ലഹരി ചോക്ലേറ്റില്‍ നിന്നല്ലെന്ന് കണ്ടെത്തി. ദുവസങ്ങള്‍ക്ക് മുമ്പ് വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ MRI സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു. അപ്പോള്‍ നല്‍കിയ മരുന്നിന്റെ പാര്‍ശ്വഫലമായാണ് ലഹരിയുടെ അംശം ശരീരത്തില്‍ എത്തിയതെന്നാണ് കണ്ടെത്തല്‍.

ചില മരുന്നുകളില്‍നിന്ന് ബെന്‍സൊഡയാസിപെന്‍സ് ശരീരത്തില്‍ രൂപപ്പെടുമെന്ന് ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചു. അതേസമയം, കേസില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ തുടരുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
കോട്ടയം മണര്‍കാട് അങ്ങാടിവയല്‍ സ്വദേശികളുടെ നാലു വയസ്സുകാരന്‍ മകനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചോക്ലേറ്റ് കഴിച്ചശേഷം മകന്‍ ക്ലാസില്‍ കിടന്ന് ഉറങ്ങിയിരുന്നു. തുടര്‍ന്ന് സ്‌കൂളില്‍നിന്ന് വന്നശേഷം കുട്ടി ബോധംകെട്ട രീതിയില്‍ ഉറക്കമായിരുന്നു. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് ശരീരത്തില്‍ ലഹരിയുടെ അംശം കണ്ടെത്തിയത്.