തിരുവനന്തപുരത്ത് ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വയറിലും നെഞ്ചിലും ചവിട്ടി, നിലത്തിട്ട് തല്ലിച്ചതച്ചു

തിരുവനന്തപുരം വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ക്രൂരമര്‍ദനം. കോളേജിലെ ബികോം ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ആദിഷിനെയാണ് സീനിയര്‍ വിദ്യാര്‍ത്ഥി ജിതിന്‍ ക്രൂരമായി മര്‍ദിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

ബികോം ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയാണ് ജിതിന്‍. മാസങ്ങള്‍ക്ക് മുമ്പ് ജിതിനും മറ്റൊരു വിദ്യാര്‍ത്ഥിയുമായി കോളേജ് പരിസരത്ത് വെച്ച് തര്‍ക്കമുണ്ടായിരുന്നു. ഈ വിഷയത്തില്‍ ആദിഷ് ഇടപെട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.



വിദ്യാര്‍ത്ഥിയുടെ വയറിലും നെഞ്ചിലും ചവിട്ടിയ ജിതിന്‍ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ആദിഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.

മകനെ മര്‍ദിച്ച വിദ്യാര്‍ത്ഥിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആദിഷിന്റെ പിതാവ് ശ്രീകുമാരന്‍ ആശാരി ആര്യങ്കോട് പൊലീസിനും കോളേജ് അധികൃതര്‍ക്കും പരാതി നല്‍കി.