നിരവധി കൂറ്റൻ കെട്ടിടങ്ങളും ആശുപത്രികളും വീടുകളും പാലങ്ങളും തകർന്നു. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലെ തകർന്നടിഞ്ഞു. മാൻഡലെ നഗരത്തിലെ ഒരു പള്ളി തകർന്ന് വീണാണ് കൂടുതൽ മരണം സംഭവിച്ചത്.
സ്‌ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. തകർന്നു വീണ കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽ ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായും വിവരങ്ങൾ പുറത്ത് വരുന്നു. നിർമാണത്തിലിരിക്കുന്ന 30 നില കെട്ടിടം തകർന്നു വീഴുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്.
കെട്ടിടത്തിനുള്ളിൽ 43 പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെ ഉച്ചയ്ക്ക് 12.50നാണ് മ്യാൻമറിലുണ്ടായത്. പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം ഉണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ജിയോളജിക്കൽ സർവേയുടെ കണക്കുപ്രകാരം മാന്റ്ലെയിൽ നിന്ന് 17.2 കിലോമീറ്റർ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
അതേസമയം, മ്യാൻമറിലെ ദുരിതബാധിതർക്ക് എല്ലാവിധ സഹായങ്ങൾ നൽകാനും ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിൽ അറിയിച്ചു. മ്യാൻമറിലെ ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്ന് തായ്‌ലൻഡിലെ ഇന്ത്യൻ എംബസി അറിയിച്ചു. അടിയന്തിര സേവനങ്ങൾക്കു ബന്ധപ്പെടാൻ സൗകര്യം ഒരുക്കിയതായും എംബസി അറിയിച്ചു. സേവനത്തിന് +66618819218 എന്ന നമ്പറിൽ ബന്ധപ്പെടണം.