രണ്ടാം സെമിയില്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡ് ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യ ഉയര്‍ത്തിയ 250 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കിവീസിനായി കെയ്ന്‍ വില്യംസണ്‍(81) മാത്രമാണ് പൊരുതിയത്. സ്പിന്നര്‍മാരെ തുണക്കുന്ന പിച്ചില്‍ വരുണ്‍ ചക്രവര്‍ത്തി 42 റണ്‍സ് വഴങ്ങി അഞ്ചും കുല്‍ദീപ് രണ്ടും ജഡേജയും അക്സറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. സ്കോര്‍ ഇന്ത്യ 50 ഓവറില്‍ 249-9, ന്യൂസിലന്‍ഡ് 45.3 ഓവറില്‍ 205ന് ഓള്‍ ഔട്ട്.
ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ന്യൂസിലന്‍ഡിന് നാലാം ഓവറിലെ തിരിച്ചടിയേറ്റു. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ അപ്പര്‍ കട്ടിന് ശ്രമിച്ച രചിന്‍ രവീന്ദ്രയെ(6) തേര്‍ഡ് മാനില്‍ അക്സര്‍ പട്ടേല്‍ ഓടിപ്പിടിച്ചു. വരുൺ ചക്രവര്‍ത്തിയില്‍ നിന്ന് ജീവന്‍ കിട്ടിയ വില്‍ യംഗും വില്യംസണും ചേര്‍ന്ന് പിടിച്ചു നിന്നെങ്കിലും റണ്‍നിരക്ക് ഉയര്‍ത്താന്‍ ബുദ്ധിമുട്ടി. വിട്ടു കളഞ്ഞ വില്‍ യംഗിനെ(22) ബൗള്‍ഡാക്കിയാണ് വരുണ്‍ ചക്രവര്‍ത്തി വിക്കറ്റ് വേട്ട തുടങ്ങിയത്. അപ്പോൾ കിവീസ് സ്കോര്‍ 50 കടന്നിരുന്നില്ല. ഡാരില്‍ മിച്ചലും വില്യംസണും ചേര്‍ന്ന കൂട്ടുകെട്ട് കിവീസിന് പ്രതീക്ഷ നല്‍കിയെങ്കിലും മിച്ചലിനെ(17) കുല്‍ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ടോം ലാഥമിനെ(14) വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ഗ്ലെന്‍ ഫിലിപ്സിനെയും(12), മൈക്കല്‍ ബ്രേസ്‌വെല്ലിനെയും(2) വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തി ന്യൂസിലന്‍ന്‍ഡിന്‍റെ നടുവൊടിച്ചു.അപ്പോഴും ഒരറ്റത്ത് പൊരുതി നിന്ന വില്യംസണില്‍ നിയൂസിലന്‍ഡിന് പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും റണ്‍നിരക്കിന്‍റെ സമ്മര്‍ദ്ദത്തില്‍ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച വില്യംസണെ(81) അക്സറിന്‍റെ പന്തില്‍ രാഹുല്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി. 169-7ലേക്ക് വീണ് തോല്‍വി ഉറപ്പിച്ച കിവീസിനെ ക്യാപ്റ്റന്‍ മിച്ചല്‍ സാന്‍റ്നര്‍(23) പ്രതീക്ഷ നല്‍കിയെങ്കിലും വരുണ്‍ ചക്രവര്‍ത്തി തന്നെ ആ കൂട്ടുകെട്ടും തകര്‍ത്തു ന്യൂസിലന്‍ഡിന്‍റെ അവസാന പ്രതീക്ഷയും ഇല്ലാതാക്കി.നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 249 റണ്‍സെടുത്തത്. 79റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അക്സര്‍ പട്ടേല്‍ 42 റണ്‍സെടുത്തപ്പോൾ ഹാര്‍ദ്ദിക് പാണ്ഡ്യ 45 റണ്‍സടിച്ചു. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി എന്നിവരെ ഏഴോവറിനുള്ളില്‍ നഷ്ടമായി 30-3 എന്ന സ്കോറിലേക്ക് വീണ ഇന്ത്യയെ ശ്രേയസ് അയ്യരും അക്സര്‍ പട്ടേലും ചേര്‍ന്ന് നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 98 റണ്‍സാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.