കേസിലെ പ്രതികള്‍ കഴിഞ്ഞവര്‍ഷവും വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചുവെന്ന വിവരവും പുറത്ത് വന്നു. 2024 ജനുവരി 5 , ജനുവരി 6 തീയതികളിലാണ് താമരശേരിയില്‍ സംഘര്‍ഷം ഉണ്ടായത്. ആദ്യ ദിനം താമരശേരി സ്‌കൂള്‍ പരിസരത്ത് കൂട്ട അടി ഉണ്ടായി. ഇതിന് പ്രതികള്‍ തിരിച്ചടി നല്‍കിയത് മാതാപിതാക്കളുടെ സഹായത്തോടെയാണ്. രണ്ട് സംഭവങ്ങളിലായി 5 പേര്‍ക്ക് പരുക്കേറ്റു. അന്ന് ശിക്ഷ ലഭിച്ചിരുന്നുവെങ്കില്‍ ഒരു ജീവന്‍ നഷ്ടപെടില്ലായിരുന്നുവെന്ന് ഷഹബാസിന്റെ കുടുംബം പറഞ്ഞു.
അതിനിടെ ഷഹബാസിന്റെ കൊലപാതകത്തില്‍ ബാലാവകാശകമ്മീഷന്‍ സ്വമേധയ കേസ് എടുത്തു. അടിയന്തര നടപടി സ്വീകരിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയെന്ന് ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ കെ വി മനോജ് കുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. തുടര്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിച്ചുവെന്നും വിവിധ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷം നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമത്തിന്റെ ആനുകൂല്യം കുട്ടികള്‍ മനസിലാക്കുന്നു. വയലന്‍സിന് പ്രാധാന്യം നല്‍കുന്ന സിനിമകള്‍ ഉണ്ടാകുന്നത് അക്രമ സംഭവങ്ങള്‍ക്ക് ചെറിയ കാരണമാണ്. മൊബൈല്‍ ഫോണ്‍ , റീല്‍സ് , ഹീറോ ആരാധന എന്നിവ കുട്ടികളെ സ്വാധിനിക്കുന്നു – അദ്ദേഹം വ്യക്തമാക്കി.