ഹജ്ജിനെ കവച്ചുവെച്ച തിരക്ക് ഇരുപത്തിയേഴാം രാവിന്റെ പുണ്യം തേടി മക്കയില്‍ 30 ലക്ഷത്തിലേറെ പേർ

മക്ക: വിശ്വാസി മനസ്സുകള്‍ ഭക്തിയുടെ പരമോന്നതിയില്‍ എത്തിനില്‍ക്കുന്ന പുണ്യമാസത്തിന്റെ ഇരുപത്തിയേഴാം രാവില്‍ പുണ്യഗേഹത്തില്‍ എത്തിയത് മുപ്പത് ലക്ഷത്തിലേറെ പേര്‍.
ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പേര്‍ റമദാനില്‍ ഒത്തുകൂടുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നായി അവസാന പത്തില്‍ ഉംറ നിര്‍വ്വഹിക്കാനായാണ് ഇത്രയും പേര്‍ ഒഴുകിയെത്തിയത്. പരിശുദ്ധ ഹറമില്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ പ്രാര്‍ത്ഥനാനിര്‍ഭരരായി കഴിയുകയാണ്.
ഓരോവര്‍ഷവും വര്‍ധിച്ചുവരുന്ന തിരക്ക് കണക്കിലെടുത്ത് വന്‍സജ്ജീകരണങ്ങളും വിപുലമായ ഒരുക്കങ്ങളുമാണ് അധികൃതര്‍ നടത്തിയിട്ടുള്ളതെങ്കിലും നോക്കെത്താദൂരത്തോളം വിശ്വാസികള്‍ നിറഞ്ഞൊഴുകയാണ്. ഹറമിലേക്കുള്ള ചെറുതും വലുതുമായ ഓരോ വഴികളും ഇരുപത്തിനാല് മണിക്കൂറും നിറഞ്ഞൊഴുകുകയാണ്. മതാഫിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടെങ്കിലും മതാഫും പരിസരവും സദാസമയവും ജനനിബിഢമാണ്.
നേരത്തെ എല്ലാവര്‍ക്കും മതാഫിലേക്ക് പ്രവേശനം അനുവദിച്ചിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇഹ്‌റാം വേഷത്തിലുള്ളവരെ മാത്രമെ മതാഫിലേക്ക് കടത്തിവിടുന്നുള്ളു. എന്നിട്ടും മതാഫ് നിറഞ്ഞൊഴുകുകയാണ്.
ഉംറ നിര്‍വ്വഹിക്കാനെത്തുന്നവര്‍ക്ക് അഞ്ചുനേരത്തെ നമസ്‌കാരശേഷവും തവാഫ് ചെയ്യാന്‍ നേര ത്തെ അനുമതിയുണ്ടായിരുന്നു. എന്നാല്‍ തിരക്ക് വന്‍തോതില്‍ വര്‍ധിച്ചതിനെത്തുടര്‍ന്നാണ് ഉംറ നിര്‍വ്വ ഹിക്കുന്നതിനായി ഇഹ്‌റാം വസ്ത്രം ധരിച്ചവരെ മാത്രം മതാഫിലേക്ക് പ്രവേശനം അനുവദിക്കുന്ന രീതി ആരംഭിച്ചത്. എന്നിട്ടും തിരക്കിന്റെ കാര്യത്തില്‍ യാതൊരുകുറവും ഉണ്ടായിട്ടില്ല.
ഹറം പള്ളിയുടെ പുറത്ത ഏറെ ദുരം നീളുന്ന തരത്തിലാണ് തറാവീഹ് നമസ്‌കാരത്തിനും മറ്റും വിശ്വാസികള്‍ അണിചേരുന്നത്. ഏറ്റവും പവിത്രമായ ഇരുപത്തിയേഴാം രാവില്‍ പുണ്യഗേഹത്തില്‍ എത്തിയവരെ സ്വീകരിക്കുവാന്‍ വന്‍സജ്ജീകരണങ്ങളാണ് മക്കയില്‍ ഒരുക്കിയിട്ടുള്ളത്. മുപ്പത് ലക്ഷം പേര്‍ക്ക് നോമ്പ് തുറക്കുന്നതിനുള്ള വിവിധ വിഭവങ്ങള്‍ അടങ്ങിയ പാക്കറ്റുകളാണ് ഹറമില്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്.