വിശ്വാസികൾക്ക് ആത്മശുദ്ധീകരണത്തിൻ്റെ ദിനരാത്രങ്ങളായി റംസാൻ വ്രതാനുഷ്ഠാനത്തിന് തുടക്കം.

വിശ്വാസികൾക്ക് ആത്മശുദ്ധീകരണത്തിൻ്റെ ദിനരാത്രങ്ങളായി റംസാൻ വ്രതാനുഷ്ഠാനത്തിന് തുടക്കം. ദിവസങ്ങൾക്കുമുമ്പേ ആരാധനാലയങ്ങളും വീടും പരിസരവും വൃത്തിയാക്കി, ഒപ്പം മനസ്സും ഒരുക്കി കാത്തിരിക്കുകയായിരുന്നു ഈ പുണ്യങ്ങളുടെ പൂക്കാലം

മാസപ്പിറവി കാണാതിരുന്നതിനാൽ ശഅബാൻ മുപ്പത്തു പൂർത്തിയാക്കിയാണ് നോമ്പിലേക്കു കടന്നത്. ഇനി ഒരു മാസക്കാലം പ്രാർത്ഥനാ നിർഭരം. ഒപ്പം ഇഫ്ത്താർ സംഗമങ്ങളുടെയും സാമൂഹ്യ കൂട്ടായ്മകളുടെയും സൗഹാർദക്കാലം കൂടിയാണിത്. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ വേണമെന്ന് ഖലീൽ തങ്ങൾ.പ്രത്യേക നിശാ നിസ്ക്കാരമായ തറാവീഹിന് പള്ളികൾ ഒരുങ്ങിക്കഴിഞ്ഞു. ഖുർആൻ അവതരിപ്പിച്ച മാസം കൂടിയാണ് റംസാൻ. അതുകൊണ്ടുതന്നെ പഠനവും പാരായണവും പ്രത്യേക പുണ്യം. ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠത വാഗ്ദ്ധാനം ചെയ്യപ്പെട്ട ലൈലത്തുൽ ഖദ്ർ, നിർബന്ധിത ദാനമായ സക്കാത്ത് എന്നിവയെല്ലാം നോമ്പുകാലത്തെ വിശുദ്ധമാക്കും.

കാരുണ്യത്തിൻ്റെ ആദ്യത്തെ പത്തും പാപമോചനത്തിൻ്റെ രണ്ടാമത്തെ പത്തും നരക വിമുക്തിയുടെ മൂന്നാമത്തെ പത്തും പ്രത്യേക ദിക്റുകളും പ്രാർത്ഥനകളും കൊണ്ടാണ് സ്വീകരിക്കുക. ശവ്വാൽ പിറ കാണുന്നതോടെ നോമ്പ് പൂർത്തിയാക്കി ഈദുഫിത്തർ ആഘോഷങ്ങളിലേക്ക് കടക്കും