ആറ്റുകാൽ പൊങ്കാലയ്ക്ക്‌ ഇനി 3 നാൾകൂടി., ആസ്വാദക ഹൃദയം കീഴടക്കി ആറ്റുകാൽ നടയിൽ ജയറാം കൊട്ടിക്കയറി.

തിരുവനന്തപുരം ; ആറ്റുകാൽ പൊങ്കാലയ്ക്ക്‌ ഇനി 3 നാൾകൂടി. ക്ഷേത്രത്തിലെ അഞ്ചാം ഉത്സവദിവസമായ ഞായറാഴ്ച ക്ഷേത്ര ദർശനത്തിനും കലാപരിപാടികൾ ആസ്വദിക്കാനും ജനങ്ങളുടെ വലിയ തിരക്കായിരുന്നു. പൊങ്കാലയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി മൺകലങ്ങളും മറ്റ് വസ്തുക്കളും വാങ്ങാനായി നഗരത്തിലാകെ തിരക്ക്‌. ഉച്ചയ്ക്ക് മണക്കാട് ശാസ്താക്ഷേത്രത്തിൽനിന്നുള്ള എഴുന്നള്ളത്ത് നടന്നു.

നടൻ ജയറാം നയിക്കുന്ന മേള വിസ്‌മയം കണ്ടാസ്വദിക്കാൻ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. ആസ്വാദക ഹൃദയം കീഴടക്കി ആറ്റുകാൽ നടയിൽ ജയറാം കൊട്ടിക്കയറി. പതികാലത്തിൽ താളമിട്ടുതുടങ്ങിയ പഞ്ചാരിയുടെ മേളക്കൊഴുപ്പിൽ നിറഞ്ഞുനിന്ന ആസ്വാദകരും താളമിട്ട്‌ ഒപ്പം കൂടി. ഇലത്താളവും കൊമ്പും കുറുങ്കുഴലുമായി 101ൽപ്പരം കലാകാരന്മാർ മേളത്തിൽ അണിനിരന്നു. മേളം 3 മണിക്കൂർ നീണ്ടു.