സൗദിയില്‍ നിയമലംഘകര്‍ക്കെതിരെ വ്യാപകമായ പരിശോധന; ഒരാഴ്ചക്കിടെ 20,749 പേരെ പിടികൂടി

റിയാദ്: രാജ്യത്തെ കുടിയേറ്റ-തൊഴില്‍ നിയമം ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി സൗദിഅറേബ്യയില്‍ പരിശോധന വ്യാപകമാക്കി. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 05 വരെയുള്ള ഒരാഴ്ച കാലയളവില്‍ 20,749 പേരെ പിടികൂടിയതായി അഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി നടത്തുന്ന പരിശോധനയിലാണ് ഇത്രയും പേര്‍ പിടിയിലായത്.

ഇതില്‍ 13,871 പേര്‍ കുടിയേറ്റ നിയമം ലംഘിക്കപ്പെട്ടതിന്റെ പേരിലാണ് പിടിയിലായത്. അതിര്‍ത്ഥി സുരക്ഷാ നിയമം ലംഘിക്കപ്പെട്ട 3,517 പേരെയും തൊഴില്‍ നിയമം ലംഘിച്ച 3,361 പേരെയുമാണ് പിടികൂടിയത്.

രാജ്യത്തേക്ക് അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 1,051 പേരും ഇതില്‍ ഉള്‍പ്പെടുന്നു, അവരില്‍ 43ശതമാനം യെമനികളും 54ശതമാനം എത്യോപ്യക്കാരും 03ശതമാനം മറ്റു രാജ്യക്കാരുമാണ്; നിയമവിരുദ്ധമായി രാജ്യം വിടാന്‍ ശ്രമിച്ച 90 പേരെയും അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. നിയമലംഘകരെ കൊണ്ടുപോകുകയും, താമസിപ്പിക്കുകയും, ജോലി ചെയ്യിക്കുകയും ചെയ്ത പന്ത്രണ്ട് പേരെയും അറസ്റ്റ് ചെയ്തു.



മൊത്തം 40,173 വിദേശികള്‍ (35,862 പുരുഷന്മാരും 4,311 സ്ത്രീകളും) നിലവില്‍ നടപടിക്രമങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. നിയമങ്ങള്‍ ലംഘിച്ചതിന് 32,375 പേരെ കസ്റ്റഡിയിലെടുത്തു. ശരിയായ യാത്രാ രേഖകള്‍ ലഭിക്കുന്നതിന് അവരവരുടെ രാജ്യങ്ങളിലെ എംബസികളുമായോ കോണ്‍സുലേറ്റുകളുമായോ ബന്ധപ്പെടാനും 2,576 പേര്‍ക്ക് അവരുടെ യാത്രയ്ക്കുള്ള ബുക്കിംഗ് ക്രമീകരണങ്ങള്‍ നടത്താനും നിര്‍ദ്ദേശം നല്‍കി. 10,024 പേരെ ഇതിനകം സ്വദേശത്തേക്ക് തിരിച്ചയച്ചു.

നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിന് സൗകര്യമൊരുക്കുക, അവരെ കൊണ്ടുപോകുക, അവര്‍ക്ക് അഭയമോ മറ്റേതെങ്കിലും സഹായമോ സേവനമോ ചെയ്യുക എന്നിങ്ങനെ ചെയ്യുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും ദശലക്ഷം സൗദി റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്നും
അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഗതാഗതത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങളും അഭയത്തിനായി ഉപയോഗിക്കുന്ന വീടുകളും കണ്ടുകെട്ടാമെന്നും അഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം പ്രവൃത്തികള്‍ അറസ്റ്റ് ചെയ്യേണ്ട പ്രധാന കുറ്റകൃത്യങ്ങളാണെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.