ഓപ്പറേഷന്‍ ഡി ഹണ്ട്: 2023 മുതല്‍ ഇതുവരെ 3180 കേസുകൾ, 3399 പേരെ പിടികൂടി; ലഹരി മാഫിയയെ പൂട്ടി വയനാട് പൊലീസ്

കല്‍പ്പറ്റ: ലഹരി മാഫിയക്കെതിരെ നിരന്തര പരിശോധനകളും കര്‍ശന നടപടികളും തുടര്‍ന്ന് വയനാട് പൊലീസ്. 2023 മുതല്‍ ഇതുവരെ 3180 കേസുകളിലായി 3399 പേരെയാണ് പിടികൂടിയത്. ഇതില്‍ 38 കോമേര്‍ഷ്യല്‍ കേസുകളും ഉള്‍പ്പെടുന്നു. 3.287 കിലോയോളം എം ഡി എം എ, 60 കിലോയോളം കഞ്ചാവ്, 937 ഗ്രാം മെത്താഫിറ്റാമിന്‍, 2756 കഞ്ചാവ് നിറച്ച സിഗരറ്റ് എന്നിവക്ക് പുറമെ കൂടാതെ മറ്റു ലഹരി ഉല്‍പ്പന്നങ്ങളായ ഹാഷിഷ്, ബ്രൗണ്‍ ഷുഗര്‍, എല്‍ എസ് ഡി, ചരസ്, ഒപ്പിയം, ടാബ്ലെറ്റുകള്‍ തുടങ്ങിയവയും പിടികൂടിയിട്ടുണ്ട്.ഈ വര്‍ഷം രണ്ട് മാസത്തിനകം ഇതുവരെ 284 എന്‍ ഡി പി എസ് കേസുകളില്‍ 304 പേരെയാണ് പിടികൂടിയത്. 194 ഗ്രാം എം ഡി എം എ, 2.776 കിലോ ഗ്രാം കഞ്ചാവ്, 260 കഞ്ചാവ് നിറച്ച സിഗരറ്റ്, 0.44 ഗ്രാം മെത്താഫിറ്റാമിന്‍ എന്നിവ പിടികൂടിയവരില്‍ നിന്നായി പിടിച്ചെടുത്തുവെന്നും പൊലീസ് അറിയിച്ചു. ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായി ഫെബ്രുവരി 22 ന് തുടങ്ങിയ പൊലിസിന്റെ ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ഒരാഴ്ച്ചയ്ക്കിടെ മാത്രം ജില്ലയില്‍ 106 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 102 പേരെ പിടികൂടുകയും ചെയ്തു. ഒരാഴ്ചക്കിടെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട 1053 പേരെയാണ് പരിശോധിച്ചത്. 94.41 ഗ്രാം എം ഡി എം എയും, 173.4 ഗ്രാം കഞ്ചാവും, 93 കഞ്ചാവ് നിറച്ച സിഗരറ്റുകളും, 7071 പാക്കറ്റ് ഹാന്‍സും പിടിച്ചെടുത്തിട്ടുണ്ട്. 

2023 ല്‍ 1660 കേസുകളിലായി 1775 പേരെയാണ് അറസ്‌റ് ചെയ്തത്. 625 ഗ്രാം എം ഡി എം എ, 670.45 ഗ്രാം മെത്താഫിറ്റാമിന്‍, 28.833 കിലോ ഗ്രാം കഞ്ചാവ്, 1656 കഞ്ചാവ് നിറച്ച സിഗരറ്റ്, ഒരു കഞ്ചാവ് ചെടി, ഹാശിഷ് ഓയില്‍, ചരസ്, എല്‍ എസ് ഡി സ്റ്റാമ്പ് എന്നിവയാണ് പിടിച്ചെടുത്തത്. 2024 വര്‍ഷത്തില്‍ 1236 കേസുകളിലായി 1320 പേര്‍ക്കെതിരെ കേസെടുത്തു. 2.466 കിലോ ഗ്രാം എം ഡി എം എ, 266.37 ഗ്രാം മെത്താഫിറ്റാമിന്‍, 27.953 കിലോഗ്രാം കഞ്ചാവ്, 840 കഞ്ചാവ് നിറച്ച സിഗരറ്റ്, 32.45 ഗ്രാം ഹാഷിഷ്, എല്‍ എസ് ഡി, ചരസ് എന്നിവയും പിടികൂടി.

നിലവില്‍ എന്‍ ഡി പി എസ് നിയമത്തിലെ 68 എഫ് വകുപ്പ് ഉപയോഗിച്ച് ലഹരി വില്‍പ്പന വഴി അനധികൃതമായി സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനായുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. നിരന്തരമായി ലഹരികേസില്‍ ഉള്‍പ്പെടുന്നവരെ കരുതല്‍ തടങ്കലിലടച്ച് ലഹരിക്കടത്ത് കുറയ്ക്കുന്നതിനുള്ള നീക്കങ്ങളും പൊലീസ് നടത്തുന്നുണ്ട്. 1988 ലെ മയക്കുമരുന്നുകളുടെയും ലഹരി വസ്തുക്കളുടെയും അനധികൃത കടത്തു തടയല്‍ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരമാണ് നടപടി. 2024 ല്‍ മലപ്പുറം തിരൂര്‍, പൂക്കയില്‍ പുഴക്കല്‍ വീട്ടില്‍ മുഹമ്മദ് റാഷിദ് (29) നെ ഇതുപ്രകാരം തിരുവനന്തപുരം ജയിലിലടച്ചു. 19.79 ഗ്രാം എം ഡി എം എ കേസില്‍ മേപ്പാടി സ്റ്റേഷനിലും, 68.598 ഗ്രാം എം ഡി എം എ കേസില്‍ യുമാനന്തവാടി എക്സൈസ് റേഞ്ച് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുണ്ട്. ലഹരി മാഫിയക്കെതിരെ കര്‍ശനമായ നടപടി തുടരുമെന്ന് ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരി ഐ പി എസ് അറിയിച്ചു.