തിരുവനന്തപുരം : കാർഷിക സേവനങ്ങൾക്കുള്ള ഏകജാലക സംവിധാനമായ കതിർ ആപ് ഹിറ്റായതോടെ രണ്ടാംഘട്ടത്തിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി കൃഷി വകുപ്പ്.
ഉൽപ്പന്നങ്ങളുടെ വിപണി വില, വിപണന സാധ്യതകൾ, ഓരോ വിളയുടെയും പ്രാദേശിക അനുയോജ്യത, കാർഷിക യന്ത്രങ്ങളുടെ ലഭ്യത, വിവിധ സേവനകേന്ദ്രങ്ങളുടെ വിവരങ്ങൾ എന്നിവയാണ് പുതുതായി നൽകുക. നിലവിൽ ട്രയൽ റണ്ണായി നടപ്പാക്കുന്ന സേവനങ്ങൾ ഏപ്രിൽ മാസത്തോടെ ലഭ്യമാക്കും. നിലവിൽ 1.20 ലക്ഷം പേർ ആപ് ഡൗൺലോഡ് ചെയ്‌തിട്ടുണ്ട്. വെബ്‌സൈറ്റ് വഴി ഏഴുലക്ഷം കർഷകരും രജിസ്‌റ്റർ ചെയ്‌തു. രണ്ടു മാസത്തിനകം പിഎം കിസാൻ ഉപഭോക്താക്കളായ 28 ലക്ഷം കർഷകരെയും കതിർ ആപ്പിന്റെ ഭാഗമാക്കും.
കർഷകർക്കാവശ്യമായ വിവരങ്ങൾ, സേവനങ്ങൾ എന്നിവ നൽകുന്നതിനൊപ്പം കാർഷിക, കാർഷികേതര വിഭവസ്രോതസ്സുകളുടെ സമഗ്രമായ വിവരശേഖരണത്തിനും ‘കതിർ’ അവസരമൊരുക്കുന്നു. വ്യക്തിഗത രജിസ്ട്രേഷൻ അടിസ്ഥാനമാക്കി പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും പ്രവർത്തിക്കുന്ന കതിർ ആപ് സംസ്ഥാനത്തെ മികച്ച 10 ആപ്പുകളിലൊന്നാണ്. കഴിഞ്ഞവർഷം ആഗസ്‌ത് 17നാണ് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തത്.
കർഷകർ നൽകുന്ന വ്യക്തിഗത ഭൂമി, വിളകൾ സംബന്ധിച്ച പ്രധാന വിവരങ്ങൾ എന്നിവ കൃഷി ഭവൻതലത്തിലും കൃഷി അസിസ്റ്റന്റ് ഡയറക്ടർതലത്തിലും രണ്ടു ഘട്ടങ്ങളിലായി പരിശോധിച്ചശേഷമാണ് രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നത്. കർഷകർക്കുള്ള വിവിധ ബാങ്കിങ്, സബ്സിഡി, ഇൻഷുറൻസ് സേവനങ്ങൾ ആപ്പിൽ രജിസ്റ്റർ ചെയ്തവർക്ക് എളുപ്പത്തിൽ ലഭിക്കും. ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ കർഷകർക്ക് ആവശ്യമായ പദ്ധതി വിവരങ്ങൾ, കാലാവസ്ഥാധിഷ്ഠിത സേവനങ്ങൾ, വിൽപ്പനക്കാരുമായി നേരിട്ട് വിപണനത്തിനുള്ള ഇ-–-മാർക്കറ്റ്പ്ലേസ് സംവിധാനം, കാർഷിക യന്ത്രവൽക്കരണവുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി ഘട്ടം ഘട്ടമായി നടപ്പാക്കും.