കോഴിക്കോട് താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസാണ് ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ മരിച്ചത്.
താമരശ്ശേരി വെഴുപ്പൂര്‍ റോഡിലെ ട്രിസ് ട്യൂഷന്‍ സെന്ററിനുസമീപം വ്യാഴാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഘര്‍ഷം. ആക്രമണത്തില്‍ എളേറ്റില്‍ എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തലയ്ക്ക് ക്ഷതമേറ്റ വിദ്യാര്‍ത്ഥി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്. എസ്.എസിലെ അഞ്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥികളെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച ട്യൂഷന്‍ സെന്ററിലെ പത്താംക്ലാസ് വിദ്യാര്‍ഥികളുടെ യാത്രയയപ്പ് പരിപാടി നടത്തിയിരുന്നു. എന്നാല്‍ എളേറ്റില്‍ എം.ജെ.എച്ച്. എസ്.എസിലെ കുട്ടികളുടെ ഡാന്‍സ് പാട്ടുനിന്നതിനെത്തുടര്‍ന്ന് തടസ്സപ്പെട്ടു. ഇതോടെ താമരശ്ശേരി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചില വിദ്യാര്‍ത്ഥികള്‍ പരിഹസിച്ചു. പിന്നാലെ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായി. അധ്യാപകര്‍ ഇടപെട്ട് പരിപാടി നിര്‍ത്തിവെച്ച് കുട്ടികളെ പിരിച്ചുവിട്ടു.
എന്നാല്‍ ഇതേച്ചൊല്ലി വ്യാഴാഴ്ചയും സംഘര്‍ഷമുണ്ടായി. വാട്‌സാപ്പ് ഗ്രൂപ്പിലൂടെ ആഹ്വാനം ചെയ്ത് സ്ഥലത്തെത്തിയ ട്യൂഷന്‍ സെന്ററിലുള്ളവരും മുഹമ്മദ് ഷഹബാസ് ഉള്‍പ്പെടെ ട്യൂഷന്‍ സെന്ററില്‍ ഇല്ലാത്തവരുമായ എളേറ്റില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തിനിടെ മുഹമ്മദ് ഷഹബാസിന് തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നഞ്ചക്കുപോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു മര്‍ദനമെന്നാണ് വിദ്യാര്‍ത്ഥികള്‍ പോലീസിനെ അറിയിച്ചത്. അതേസമയം മുതിര്‍ന്നവരും ആയുധങ്ങളുപയോഗിച്ച് അക്രമം നടത്തിയെന്നാണ് മുഹമ്മദ് ഷഹബാസിന്റെ പിതാവ് പോലീസിനോട് പറഞ്ഞത്.
എന്നാല്‍ പുറമേ മുറിവില്ലാത്തതിനാല്‍ ഷഹബാസിനെ സുഹൃത്തുക്കള്‍ വീട്ടിലെത്തിക്കുകയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥി ഛര്‍ദിക്കുകയും തളര്‍ന്നിരിക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടുകാര്‍ വ്യാഴാഴ്ച രാത്രി വിദ്യാര്‍ത്ഥിയെ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലെത്തിക്കുകയും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. തലച്ചോറില്‍ ആന്ത രികരക്തസ്രാവം ഉള്ളതായി ബന്ധുക്കള്‍ അറിയിച്ചു.