ഫെബ്രുവരിയിലെ ചരക്കു നീക്കം ; വിഴിഞ്ഞം., 15 തുറമുഖങ്ങളിൽ നമ്പർ വൺ

തിരുവനന്തപുരം : ഫെബ്രുവരിയിൽ വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനൽ കൈകാര്യംചെയ്‌തത് 40 കപ്പലുകളിൽനിന്ന്‌ 78,833 ടിഇയു ചരക്ക്‌. ഇതോടെ ഇന്ത്യയിലെ തെക്കു കിഴക്കൻ മേഖലകളിലെ 15 തുറമുഖങ്ങളിൽ വിഴിഞ്ഞം ഒന്നാമതായി. ജനുവരിയിൽ രണ്ടാം സ്ഥാനമായിരുന്നു.

ട്രയൽ റൺ തുടങ്ങി എട്ടു മാസവും കൊമേഴ്സ്യൽ ഓപ്പറേഷൻ തുടങ്ങി മൂന്നു മാസവും മാത്രം പിന്നിട്ടപ്പോഴാണ്‌ നേട്ടം. വിഴിഞ്ഞത്ത് ഇതുവരെ 193 കപ്പലുകളിൽ നിന്നായി 3.83 ലക്ഷം ടിഇയു ചരക്ക് കൈകാര്യംചെയ്‌തു. നികുതിയിനത്തിൽ ലഭിച്ചത്‌ 37 കോടിക്ക്‌ മുകളിലും. 2028 ഓടു കൂടി സമ്പൂർണ തുറമുഖമായി വിഴിഞ്ഞം മാറും.

വെള്ളിയാഴ്‌ച മുതൽ വിഴിഞ്ഞത്തുനിന്ന്‌ മെഡിറ്ററേനിയൻ ഷിപ്പിങ്‌ കമ്പനി(എംഎസ്‌സി) ജേഡ്‌ സർവീസ്‌ ആരംഭിക്കും. എംഎസ്‌സി മിയ എന്ന 400 മീറ്റർ നീളമുള്ള കൂറ്റൻ കപ്പലാണ്‌ സർവീസ്‌ നടത്തുക. ഇതോടെ യൂറോപ്യൻ രാജ്യങ്ങളിലേക്ക്‌ നേരിട്ട്‌ ചരക്കുകൾ കൊണ്ടുപോകാൻ കഴിയും. ആദ്യമാണ്‌ ജേഡ്‌ സർവീസ്‌ ഇന്ത്യൻ തുറമുഖത്തുനിന്ന്‌ തുടങ്ങുന്നത്‌. മദർഷിപ്പ്‌ ആയതിനാൽ ഇന്ത്യൻ വ്യാപാരികൾക്ക്‌ മികച്ച അവസരമാകും.