മാർച്ച് 12 വൈകീട്ട് 6 മുതൽ 13ന് 6 വരെ തലസ്ഥാനത്ത് ഡ്രൈ ഡേ; സുരക്ഷ ശക്തമാക്കി പൊലീസ്, പൊങ്കാലക്കൊരുങ്ങി നാട്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട് തലസ്ഥാന ന​ഗരിയിൽ മദ്യത്തിന് 24 മണിക്കൂർ നിയന്ത്രണം. മാർച്ച് 12ന് വൈകീട്ട് 6 മണിമുതൽ 13ന് 6 വരെ ഡ്രൈ ഡേ ആക്കി നേരത്തെ ഉത്തരവിറക്കിയിട്ടുണ്ട്. ഇത് കൂടാതെ നഗരത്തില്‍ വ്യാപക പരിശോധന നടന്നു വരികയാണ്. സിറ്റി പൊലീസ്, റെയില്‍വേ പൊലീസ്, എക്‌സൈസ് തുടങ്ങിയ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് സംയുക്ത പരിശോധന നടത്തുന്നത്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റുകൾ, ഒഴിഞ്ഞു കിടക്കുന്ന പറമ്പുകള്‍, കെട്ടിട സമുച്ചയങ്ങള്‍, പാഴ്‌സല്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ശക്തമായ പരിശോധന നടത്തി സുരക്ഷ ഉറപ്പുവരുത്തി. ആറ്റുകാല്‍ പൊങ്കാലയിടാനായി എത്തുന്ന ഭക്തജനങ്ങള്‍ക്ക് വളരെ സുരക്ഷിതമായി പൊങ്കാല അര്‍പ്പിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കുകയാണ് തിരുവനന്തപുരം സിറ്റി പൊലീസ്.