മലയാളത്തിന്റെ പ്രിയ കവി O.N.V കുറുപ്പിന്റെ ഓർമ്മകൾക്ക് ഇന്ന് 9 വയസ്സ്

ഇന്ന് മലയാളത്തിന്റെ പ്രിയ കവിയായ പത്മവിഭൂഷൺ ഓ എൻ വി കുറുപ്പിന്റെ ഓർമദിനം....

ഒ.എന്‍. കൃഷ്ണക്കുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി 1931 മെയ് 27 ആം തിയതി കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ച ഓ എൻ വി കുറുപ്പ് കവിതാ രചനയിലൂടെ മലയാള സാഹിത്യത്തില്‍ അമൂല്യമായ സംഭാവനകള്‍ നല്‍‌കിയ ഒരു വ്യക്തിത്വമാണ്.

വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതാരചന തുടങ്ങിയ അദ്ദേഹത്തിന്റെ ആദ്യത്തെ കവിതാ സമാഹാരം 1949 ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ്. ആദ്യം ബാലമുരളി എന്ന പേരിൽ പാട്ടെഴുത്തുടങ്ങിയതെങ്കിലും ഗുരുവായൂരപ്പൻ എന്ന ചലച്ചിത്രം മുതലാണ് ഒ.എൻ.വി എന്ന പേരിൽത്തന്നെ ഗാനങ്ങൾ എഴുതിയത്.

ധനതത്വശാസ്ത്രത്തില്‍ ബി.എ.യും മലയാളത്തില്‍ എം.എ.യും കഴിഞ്ഞ ശേഷം അദ്ദേഹം 1957 ല്‍ എറണാകുളം മഹാരാജാസ് കോളജില്‍ അദ്ധ്യാപകനായ അദ്ദേഹം 1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് കോഴിക്കോട്, ഗവ. ബ്രണ്ണന്‍ കോളജ് തലശ്ശേരി, ഗവ. വിമന്‍സ് കോളജ് തിരുവനന്തപുരം എന്നിവിടങ്ങളില്‍ മലയാള വിഭാഗം തലവനായും സേവനം അനുഷ്ടിച്ചു.

1986 മെയ് 31 ആം തിയതി ഔദ്യോഗിക ജീവിതത്തില്‍നിന്നു വിരമിച്ചശേഷം ഒരു വര്‍ഷം കോഴിക്കോട് സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രെഫസറായും 1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായും അദ്ദേഹം പ്രവർത്തിക്കുകയുണ്ടായി.

ആറുപതിറ്റാണ്ടു ദൈർഘ്യമുള്ള സാഹിത്യജീവിതത്തിൽ ഒട്ടനേകം പുരസ്കാരങ്ങൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. അതിൽ പ്രധാനം 2007 ലഭിച്ച ജ്ഞാനപീഠം, 1998 ലെ പത്മശ്രീ, 2011 ലെ പത്മവിഭൂഷൺ എന്നീ ബഹുമതികൾ തന്നെയാണ്.  

ചില്ല് എന്ന ചിത്രത്തിലെ "ഒരു വട്ടം കൂടി എന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം" എന്ന ആ ഗാനം ഏതൊരു മലയാളികൾക്കും മറക്കുവാനാകാത്തതാണ്. അതുപോലെ "അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍ ഒരു മാത്ര വെറുതേ നിനച്ചു പോയീ" എന്ന ഗാനം ഏത് പ്രവാസിയുടെയും നൊമ്പരമാണ്.

നഖക്ഷതങ്ങളിലെ "മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി" എന്ന ഗാനം മലയാളത്തിൽ അന്നേവരെയുള്ള കാമുക സങ്കല്പങ്ങളെ അപ്പാടെ മാറ്റിമറിക്കുന്ന ഒന്നായിരുന്നു. അങ്ങിനെ അങ്ങിനെ എത്ര ഗാനങ്ങൾ, അവസാനമായി പഴശ്ശിരാജയിലെ "ആദിയുഷസന്ധ്യ പൂത്തതിവിടെ" എന്ന ഗാനം വരെ...

ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന- മൃതിയില്‍ നിനക്കാത്മശാന്തി! എന്ന വരികളുള്ള ഭൂമിക്ക് ഒരു ചരമഗീതം പ്പോലെയുള്ള എത്രയെത്ര കവിതാ സമാഹാരങ്ങൾ.

2016 ഇതേ ദിനത്തിലാണ് അദ്ദേഹം നമ്മിൽ നിന്നും വിടപറഞ്ഞത്. ആ കലാപ്രതിഭയുടെ ഓർമകൾക്ക് മുന്നിൽ ഒരു നിമിഷം ശിരസ്സുനമിക്കുന്നു...