സംസ്ഥാനത്ത് ഇനി മുതൽ ആർസി ബുക്കും ഡിജിറ്റൽ

സംസ്ഥാനത്ത് വാഹനങ്ങളുടെ ആർസി ബുക്കിന് പകരം ഇനി ഡിജിറ്റൽ ആർസി. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റിങ് മാർച്ച് മുതൽ നിർത്തലാക്കാൻ ഒരുങ്ങുകയാണ് ഗതാഗത വകുപ്പ്. പകരം വാഹനം വാങ്ങി മണിക്കൂറുകൾക്കുള്ളിൽ ആർസി പരിവാഹൻ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. വാഹനം വാങ്ങിയാൽ ഇനി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിനായി നീണ്ട കാത്തിരിപ്പില്ല. രജിസ്ട്രേഷൻ പൂർത്തിയാക്കി മണിക്കൂറുകൾക്കുള്ളിൽ തന്നെ പരിവാഹൻ വെബ്സൈറ്റിൽ നിന്നും ആർസി ഡൗൺ ലോഡ് ചെയ്യാം എന്നതാണ് സവിശേഷത.

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റിംഗ് മാർച്ച് മാസത്തോടെ നിർത്തലാക്കാനാണ് ഗതാഗത വകുപ്പ് ആലോചിക്കുന്നത്. ഇതോടെ ആർസി ബുക്ക് എന്നതിൽ നിന്ന് ഡിജിറ്റൽ ആർസിയിലേക്ക് കേരളം മാറുകയാണ്. ഇതോടൊപ്പം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇനി ആധാർ അധിഷ്ഠിതമാകും.ഉടമസ്ഥത മാറ്റൽ, ലോൺ ചേർക്കൽ, ലോൺ ഒഴിവാക്കൽ എന്നിവയ്ക്കും ആധാർ വേണ്ടിവരും. തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. വാഹനത്തിന്‍റെ ഉടമസ്ഥാവകാശം ആർക്കാണോ അവരുടെ ആധാറിലെ മൊബൈൽ നമ്പറാണ് ആർസി യിലും രേഖപ്പെടുത്തേണ്ടത്. വാഹന ഉടമകൾ ആധാറിൽ ലിങ്ക് ചെയ്ത നമ്പറാണോ ആർസിയിലും നൽകിയത് എന്ന് ഉറപ്പാക്കണം. മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ വെബ്സൈറ്റ് വഴിയോ അക്ഷയ വഴിയോ ഇത് മാറ്റാം. അതിനു കഴിയാത്തവർക്ക് ആർടിഒ ഓഫീസിൽ 28വരെ പ്രത്യേക കൗണ്ടറും സജ്ജമാക്കിയിട്ടുണ്ട്.