വർക്കല : വിനോദസഞ്ചാര മേഖലയിലേക്കുള്ള പ്രധാന പാതകളിലൊന്നായ പുന്നമൂട്-ഗസ്റ്റ് ഹൗസ് റോഡ് തകർച്ചയിൽ. പൊട്ടിപ്പൊളിഞ്ഞും ടാറിളകിയും തുടരുന്ന റോഡിൽ യാത്ര ദുസ്സഹമായി. പുന്നമൂട്ടിൽ നിന്നാരംഭിച്ച് വാച്ചർമുക്ക് വഴി ഗസ്റ്റ് ഹൗസിനു സമീപം അവസാനിക്കുന്ന റോഡാണ് കുഴികൾ നിറഞ്ഞിട്ടും നവീകരിക്കാത്തത്.
റോഡ് തുടങ്ങുന്ന പുന്നമൂട് മാർക്കറ്റിനു സമീപം റേഷൻകടയ്ക്കു മുന്നിലാണ് കൂടുതൽ തകർന്നത്. വാച്ചർമുക്കിനു സമീപം വളവിൽ റോഡിന്റെ മധ്യഭാഗത്തുവരെ കുഴിയാണ്. മെറ്റലുകൾ ഇളകി ചിതറിക്കിടക്കുന്നതിനാൽ വാഹനയാത്രക്കാരും ബുദ്ധിമുട്ടുന്നു.
വർക്കല ക്ഷേത്രത്തിലേക്കും പാപനാശം തീരത്തേക്കും ക്ലിഫിലേക്കും പോകാൻ ഉപയോഗിക്കുന്ന റോഡാണിത്. പാരിപ്പള്ളി ഭാഗത്തുനിന്നു വരുന്നവർക്ക് വർക്കല ടൗണിലെത്താതെ ടൂറിസം മേഖലയിലേക്ക് എത്താനുള്ള എളുപ്പമാർഗമാണിത്. പുന്നമൂട് ഗേറ്റ് കടന്ന് ഈ റോഡിലൂടെ തീരത്തെത്താം. വടക്കൻ ജില്ലകളിൽനിന്നും പാപനാശത്ത് ബലിയിടാൻ വരുന്നവരും വിനോദസഞ്ചാരികളും വർഷങ്ങളായി ഉപയോഗിക്കുന്ന റോഡാണിത്. ഗവ. ഐ.ടി.ഐ., ജനാർദനപുരം എം.വി.എൽ.പി. സ്‌കൂൾ എന്നിവിടങ്ങളിലേക്കുള്ള റോഡുമാണ്.
റോഡിന്റെ എല്ലാ ഭാഗങ്ങളിലും ചെറുതും വലുതുമായ തകർച്ചയുണ്ട്. വളവുകൾ ഏറെയുള്ള റോഡിൽ അപകടസാധ്യതയും നിലനിൽക്കുന്നു. ടൂറിസം മേഖലയിലെ പ്രധാന റോഡായിട്ടും നവീകരിക്കാത്തതിൽ പ്രദേശവാസികൾക്കു പ്രതിഷേധമുണ്ട്. മഴക്കാലമെത്തും മുൻപ് റോഡ് റീടാർ ചെയ്യണമെന്ന് അവർ ആവശ്യപ്പെടുന്നു.