ഭാര്യയുടെ നിർബന്ധപ്രകാരമായിരുന്നു ഹൗറ സ്വദേശിയായ യുവാവ് തന്റെ വൃക്ക വിൽക്കാൻ തീരുമാനിക്കുന്നത്. പത്ത് വയസുകാരിയായ മകളുടെ പഠനത്തിനും ഭാവിയിൽ നടക്കാനിരിക്കുന്ന വിവാഹത്തിനും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും വേണ്ടിയാണ് ഭാര്യ വൃക്ക വിൽക്കാൻ ആവശ്യപ്പെട്ടത്. കുറഞ്ഞത് പത്ത് ലക്ഷം രൂപയ്ക്ക് എങ്കിലുമായിരിക്കണം 'കച്ചവട'മെന്നും ഭാര്യ നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൗറ സ്വദേശികളായ ദമ്പതികൾ ഉപഭോക്താവിനെ തിരഞ്ഞത് ഒരു വർഷത്തോളമാണ്.
നീണ്ട കാലത്തിനെ തിരച്ചിലിനൊടുവിൽ മൂന്ന് മാസങ്ങൾക്ക് മുൻപാണ് തങ്ങൾക്ക് യോജിച്ച ഉപഭോക്താവിനെ ദമ്പതികൾക്ക് ലഭിച്ചത്. ശസ്ത്രക്രിയയും ചികിത്സയും പൂർത്തിയായ യുവാവ് കുടുംബത്തെ ഭദ്രമാക്കിയെന്ന് വിശ്വസിച്ചെങ്കിലും സംഭവിച്ചത് മറ്റൊന്നായിരുന്നു. വൃക്ക വിറ്റ് ലഭിച്ച പത്തു ലക്ഷം രൂപയുമായി ഭാര്യ ഫേസ്ബുക്കിൽ നിന്നും പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടി!
സംഭവമറിഞ്ഞ് ഭർത്താവും മകളും ഭർതൃപിതാവും മാതാവും യുവതിയെ കാണാനെത്തിയെങ്കിലും അവരോട് പ്രതികരിക്കാതെ യുവതി മുഖം തിരിക്കുകയായിരുന്നു. തനിക്ക് കാമുകനൊപ്പം ജീവിക്കാനാണ് താത്പര്യമെന്നും വിവാഹമോചനത്തിനുള്ള നോട്ടീസ് വൈകാതെ അയയ്ക്കുമെന്നുമായിരുന്നു യുവതിയുടെ പ്രതികരണം.