കാര്യക്ഷമത കൂട്ടും.,മൂല്യനിർണയം അടിമുടി മാറും ; സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി

തിരുവനന്തപുരം : ഓരോ വിദ്യാർഥിയെയും ചേർത്തുപിടിച്ചുള്ള വിദ്യാഭ്യാസത്തിലൂടെ അക്കാദമിക്‌ രംഗത്ത്‌ കൂടുതൽ മികവേകാൻ സമഗ്രഗുണമേന്മാ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്‌. സ്‌പീക്കർ എ എൻ ഷംസീർ പദ്ധതി ഉദ്‌ഘാടനംചെയ്‌തു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, വിദ്യാകിരണം പദ്ധതികളിലൂടെ സ്‌കൂൾ വിദ്യാഭ്യാസ നിലവാരത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. ഇതിന്റെ ചുവടുപിടിച്ച്‌ അക്കാദമിക്‌ രംഗത്തെ ഗുണമേന്മ കൂടുതൽ മെച്ചപ്പെടുത്തുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം.

ഓരോ കുട്ടിയെയും ഓരോ യൂണിറ്റായി കണ്ട്‌ ജനകീയ പങ്കാളിത്തത്തോടെയാണ്‌ പദ്ധതി നടപ്പാക്കുക. കുട്ടിയുടെ മാറ്റങ്ങളും വളർച്ചയും അധ്യാപകർ കൃത്യമായ ഇടവേളയിൽ വിശകലനം ചെയ്യും. ജനപ്രതിനിധികളുടെയും ബഹുജനങ്ങളുടെയും പങ്കാളിത്തം തേടും. അക്കാദമിക്‌ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കും മൂല്യനിർണയ രീതി പരിഷ്‌കരിക്കും.

പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എസ്‌ ഷാനവാസ്‌, എസ്‌സിഇആർടി ഡയറക്‌ടർ ആർ കെ ജയപ്രകാശ്‌, കൈറ്റ്‌ സിഇഒ കെ അൻവർ സാദത്ത്‌, എസ്‌ഐഇടി ഡയറക്‌ടർ ബി അബുരാജ്‌ എന്നിവർ പദ്ധതിരേഖ അവതരിപ്പിച്ചു. അഡീഷണൽ ഡയറക്‌ടർ ആർ എസ്‌ ഷിബു ചർച്ച ക്രോഡീകരിച്ചു.

ലക്ഷ്യമിടുന്ന പ്രവർത്തനങ്ങൾ

● അടുത്ത അധ്യയന വർഷം മുതൽ മൂന്ന്‌ മുതൽ ഒമ്പത്‌ വരെയുള്ള ക്ലാസുകളിൽ സാസ്‌ (സ്‌റ്റേറ്റ്‌ അച്ചീവ്‌മെന്റ്‌ സർവേ) നടപ്പാക്കും

● ഓരോ ക്ലാസിലും വിദ്യാർഥി നേടേണ്ട പഠനലക്ഷ്യങ്ങൾ ‘സഹിതം’ പോർട്ടലിൽ ലഭ്യമാക്കും. രക്ഷിതാക്കൾക്ക്‌ ഇത്‌ പരിശോധിക്കാം

● പഠനലക്ഷ്യങ്ങൾ ആർജിക്കാത്ത വിദ്യാർഥികളെ കണ്ടെത്തി മെന്റർമാരെ നിയോഗിക്കും

● വിവിധ മേഖലകളിൽ കുട്ടികൾക്ക്‌ വ്യക്തിപരമായ പിന്തുണ നൽകും

● ഈ അധ്യയന വർഷം എട്ടിലും തുടർന്നുള്ള വർഷങ്ങളിൽ ഒമ്പതിലും പത്തിലും എഴുത്ത്‌ പരീക്ഷയിൽ മിനിമം മാർക്ക്‌ നേടാത്ത കുട്ടികൾക്ക്‌ പ്രത്യേക പഠന പിന്തുണ

● എസ്‌സി, എസ്‌ടി, പ്രത്യേക ശ്രദ്ധ വേണ്ട മറ്റു മേഖലകൾ എന്നിവയ്‌ക്കായി പ്രത്യേക പദ്ധതി

● ഗണിതശാസ്‌ത്രം, ശാസ്‌ത്രം, ഭാഷാ വിഷയങ്ങൾക്കായി

പ്രത്യേക പദ്ധതികൾ

● അധ്യാപക വിദ്യാർഥികളുടെ ഇന്റേൺഷിപ്പിന്‌ പ്രത്യേക മാർഗരേഖ

● ഓപ്പൺ ബുക്ക്‌ പരീക്ഷ, ഓൺലൈൻ പരീക്ഷ, മത്സരാധിഷ്‌ഠിത പരീക്ഷ തുടങ്ങിയ നൂതന രീതികളുടെ മാർഗരേഖ വികസിപ്പിക്കും

● പൊതുവിദ്യാഭ്യാസ മേഖലയിലും ഗുണനിലവാരം പരിശോധിക്കാൻ റേറ്റിങ് നടപ്പാക്കും