കാക്കിയണിഞ്ഞിട്ടും കൃഷികൈവിടാതെ പോലീസ് സഹോദരങ്ങൾ

ആലപ്പുഴ ജില്ലയിലെ ചേർത്തല തെക്ക് പതിച്ചേരിയിൽ സഹോദരങ്ങളായ വിനോദ് കുമാർ ഡി, വിനീഷ് കുമാറി ഡി കാക്കിയണിഞ്ഞ പോലീസുകാർ ആണെങ്കിലും നൂറുമേനി വിളയിക്കുന്ന ജൈവകർഷകർ കൂടിയാണ്. വിനോദ് മാരാരിക്കുളം പോലീസ് സ്റ്റേഷനിലെയും വിനീഷ് ചേർത്തല പോലീസ് സ്റ്റേഷനിലെയും ഉദ്യോഗസ്ഥരാണ്. ജോലിത്തിരക്കിനിടയിലും ഇരുവരും കൃഷിക്കായി സമയം കണ്ടെത്താറുണ്ട്. 
ഇവരുടെ പിതാവായ പരേതനായ ദാമോദരൻ മികച്ച കർഷകനായിരുന്നു. അഞ്ചുവർഷം മുമ്പ് അദ്ദേഹത്തിൻ്റെ വിയോഗത്തോടെയാണ് മക്കൾ ഇരുവരും കൃഷി ഏറ്റെടുത്തത്. ഒന്നര ഏക്കറോളം വരുന്ന നിലത്തിൽ ചീര തണ്ണിമത്തൻ പച്ചമുളക് വെണ്ട വെള്ളരി മത്തൻ ഇളവൻ എന്നിവയും വീടിനോട് ചേർന്ന് വാഴയും വഴുതനയും കൃഷി ചെയ്യുന്നു. നവീനമായ ജൈവ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയാണ് കൃഷി ചെയ്യുന്നത്. ട്രിപ്പ് ഇറിഗേഷൻ, വളം നൽകുന്നതിനായി വെഞ്ചുറി രീതി, ഫോളിയർ രീതികൾ എന്നിങ്ങനെ കൃഷി മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്നു. ജോലിയും കൃഷിയും ഒരുമിച്ച് കൊണ്ടുപോകാൻ ഇരുവർക്കുമൊപ്പം കുടുംബവും കൂടെയുണ്ട്.