സ്കൂട്ട‍ർ ഓടിക്കവേ സെൽഫിയെടുത്ത് കുടുങ്ങി; വിദ്യാർഥിക്ക് പിഴയിട്ട് മോട്ടർ വാഹന വകുപ്പ്

കാക്കനാട് : സുഹ്യത്തിനെ പിന്നിലിരുത്തി സ്കൂട്ടർ ഓടിക്കുന്നതിനിടെ സെൽഫിയെടുത്ത വിദ്യാർത്ഥിക്ക് പിഴ ചുമത്തി മോട്ടർ വാഹന വകുപ്പ്. 4500 രൂപയാണ് പിഴ ചുമത്തിയത്. ബെംഗളൂരുവിൽ നിന്ന് അവധിക്കെത്തിയ തൃപ്പൂണിത്തുറ സ്വദേശി ജോയൽ റോബർട്ടിനെയാണ് മോട്ടർ വാഹന വകുപ്പ് കുടുക്കിയത്.ഇന്നലെ രാവിലെ 11ന് എറണാകുളം മഹാരാജാസ് കോളേജിൻ്റെ പിന്നിലെ റോഡിൽ വെച്ചാണ് സംഭവം. ഒരു കൈ സ്കൂട്ടറിൻ്റെ ഹാൻഡിലിൽ പിടിച്ചു അടുത്ത കൈ കൊണ്ട് സെൽഫിയെടുക്കുകയായിരുന്നു.സ്കൂട്ടർ നല്ല വേ​ഗതയിലായിരുന്നു.


ഇവർ സെൽഫിയെടുക്കുന്നതിൻ്റെ ദ്യശ്യം തൊട്ടു പിന്നിൽ വാഹനത്തിൽ സഞ്ചരിച്ചിരുന്ന മോട്ടർ വാഹന എൻഫോഴ്സ്മെന്റ് സ്ക്വാഡ് പകർത്തുകയായിരുന്നു. പിന്നീടു സ്കൂട്ടർ തടഞ്ഞു നടപടിയെടുക്കുകയായിരുന്നു. അസിസ്റ്റൻ്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ട‌ർമാരായ ദീപു പോൾ എസ് സജീഷ് എന്നിവരുടെ നേത്യത്വത്തിലായിരുന്നു പരിശോധന.