മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. വ്യാഴാഴ്ച രാത്രി പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂര്‍ ഹൈവേയില്‍ വെച്ച് ദന്തന്‍പൂരിന് സമീപമാണ് സംഭവം. ഗാംഗുലിയുടെ വാഹനവ്യൂഹത്തിലേക്ക് ലോറിയിടിച്ച് കയറുകയായിരുന്നു.ഗാംഗുലി ബര്‍ദ്വാനിലേക്ക് പോകുന്നതിനിടെയാണ് അപകടം. താരം സഞ്ചരിച്ചിരുന്ന റേഞ്ച് റോവര്‍ കാറിലേക്ക് ലോറിയിടിച്ചതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. എന്നാല്‍ ഡ്രൈവര്‍ സമയോചിതമായി ഇടപെട്ട് വാഹനം പെട്ടെന്ന് നിര്‍ത്തി. പിന്നാലെ ഗാംഗുലിയുടെ കാറിന് പിന്നില്‍ വാഹനവ്യൂഹത്തിലെ മറ്റ് കാറുകളും വന്നിടിക്കുകയായിരുന്നു. അതേസമയം അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.ഗാംഗുലിയുടെ വാഹനവും ലോറിയും അമിതവേഗതയിൽ ആയിരുന്നില്ലയെന്നതാണ് വലിയ അപകടം ഒഴിവാക്കിയത്. വാഹനവ്യൂഹത്തിലുണ്ടായിരുന്ന രണ്ട് കാറുകള്‍ക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് പത്ത് മിനിറ്റോളം യാത്ര തടസപ്പെടുകയും പിന്നീട് തുടരുകയും ചെയ്തെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ ഇതിന് ശേഷം മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പരിപാടികളില്‍ എല്ലാം പങ്കെടുത്ത ശേഷമാണ് ഗാംഗുലി വീട്ടിലേക്ക് മടങ്ങിയത്. ബര്‍ദ്വാന്‍ സര്‍വകലാശാലയില്‍ നടന്ന ഒരു പരിപാടിയില്‍ ഗാംഗുലി പങ്കെടുത്തു.