വിഴിഞ്ഞം തുറമുഖത്തുനിന്നു ചരക്കുനീക്കത്തിനുള്ള റെയിൽപ്പാത നിർമാണത്തിന് സർക്കാർ ഉടൻ അനുമതി നൽകുമെന്ന് സൂചന

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തുനിന്നു ചരക്കുനീക്കത്തിനുള്ള റെയിൽപ്പാത നിർമാണത്തിന് സർക്കാർ ഉടൻ അനുമതി നൽകുമെന്ന് സൂചന. വിഴിഞ്ഞംമുതൽ ബാലരാമപുരംവരെയുള്ള ഭൂഗർഭ റെയിൽപ്പാത നിർമാണത്തിനാണ് തുറമുഖ കമ്പനി കാബിനറ്റ് അനുമതിക്കായി സമർപ്പിച്ചിരിക്കുന്നത്. കൊങ്കൺ റെയിൽ കോർപ്പറേഷൻ ഡി.പി.ആർ. തയ്യാറാക്കി റെയിൽവേയുടെ അനുമതി ലഭിച്ച പദ്ധതിയാണിത്. വിഴിഞ്ഞം തുറമുഖംമുതൽ ബാലരാമപുരംവരെ 10.7 കിലോമീറ്റർ ദൂരത്തിലാണ് ഭൂഗർഭപാത നിർമിക്കുന്നത്. ഇതിന്റെ തുടക്കത്തിലും ഒടുക്കത്തിലും കുറച്ചുദൂരം മാത്രമാണ് തീവണ്ടിപ്പാത റോഡുനിരപ്പിലൂടെ നിർമിക്കുന്നത്.

നേരത്തേ ഭൂഗർഭ റെയിൽപ്പാതയ്ക്കു സമാന്തരമായി പുതിയ സാധ്യതകൾ തേടാൻ സർക്കാർ തീരുമാനിച്ചിരുന്നു. വിഴിഞ്ഞം-ബാലരാമപുരം പാതയ്ക്കുപകരമായി നിർദിഷ്ട ഔട്ടർ റിങ് റോഡ് വഴി റെയിൽപ്പാതയ്ക്കുള്ള സാധ്യത പരിശോധിക്കാനാണ് സർക്കാർ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയോട് (വിസിൽ) നിർദേശിച്ചത്. ഔട്ടർ റിങ് റോഡിൽ ഉപരിതല പാതയോ, എലിവേറ്റഡ് പാതയോ നിർമിക്കാനാകുമോയെന്നു പഠിക്കാനായിരുന്നു നിർദേശം.

എന്നാൽ ഔട്ടർ റിങ് റോഡിലൂടെ റെയിൽപ്പാത സാധ്യമാകില്ലെന്നാണ് പ്രാഥമിക പഠനത്തിന്റെ വിലയിരുത്തൽ. രണ്ട് സംഘങ്ങളെ വിനിയോഗിച്ചായിരുന്നു പഠനം. ഔട്ടർ റിങ് റോഡ് പദ്ധതിക്കായി സ്ഥലമേറ്റെടുപ്പ് നടപടികൾ ആരംഭിച്ചതേയുള്ളൂ. റോഡ് നിർമാണം പൂർത്തിയാക്കാൻ ഇനിയും വർഷങ്ങൾ കഴിയും.

കൂടാതെ നിരപ്പല്ലാത്തതും ഏലാകളുമുൾപ്പെടുന്ന മേഖലയിലൂടെ റെയിൽപ്പാതയ്ക്ക് ചെലവും കൂടും. നിലവിൽ ലക്ഷ്യമിട്ടിരിക്കുന്നതിനേക്കാൾ കൂടുതൽ സ്ഥലമേറ്റെടുക്കണം എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് പഠനത്തിൽ ചൂണ്ടിക്കാട്ടിയത്. തുടർന്നാണ് ഇത് പ്രായോഗികമാകില്ലെന്ന റിപ്പോർട്ട് സർക്കാരിനു കൈമാറിയത്.

ഇതോടെയാണ്‌ വിഴിഞ്ഞം തുറമുഖംമുതൽ ബാലരാമപുരംവരെ നേരത്തേ വിഭാവനം ചെയ്ത ഭൂഗർഭപാതതന്നെ മതിയെന്ന തീരുമാനത്തിലെത്തിയത്.

ഉടൻ ഇക്കാര്യത്തിൽ മന്ത്രിസഭയുടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. നിലവിലുള്ള റോഡിനു സമാന്തരമായി പാതയുടെ 9.02 കിലോമീറ്ററും 30 മീറ്റർ ആഴത്തിൽ ഭൂമിക്കടിയിലൂടെയാണ്.
കൊങ്കൺ റെയിൽ കോർപ്പറേഷനാണ് നിർമാണച്ചുമതല. നേരത്തെ 1200 കോടി ചെലവു പ്രതീക്ഷിച്ചിരുന്ന പദ്ധതിക്ക് നിലവിൽ 1400 കോടി വേണ്ടിവരുമെന്നാണ് സൂചന.

:തുറമുഖത്തുനിന്ന് ദേശീയപാതയിലേക്കുള്ള ഗതാഗതസൗകര്യത്തിനായി സർവീസ് റോഡുകൾ വീതി കൂട്ടും. ദേശീയപാതയിൽ ക്ലോവൽ ലീഫ് ജങ്ഷൻ നിർമിച്ച് ഗതാഗതസൗകര്യമൊരുക്കാനാണ് തീരുമാനം. എന്നാൽ, അതിനു കാലതാമസമുണ്ടാകുമെന്നതിനാലാണ് ആദ്യഘട്ടത്തിൽ സർവീസ് റോഡുകൾ വീതികൂട്ടി യാത്രാസൗകര്യം ഒരുക്കുന്നത്. കൂടുതൽ സ്ഥലമേറ്റെടുപ്പ് ഇല്ലാതെ നിലവിലെ സർവീസ് റോഡുകൾ വീതികൂട്ടും. അദാനി ഗ്രൂപ്പ് തന്നെയായിരിക്കും സർവീസ് റോഡുകൾ വികസിപ്പിക്കുക.

ഇതിനായി ദേശീയപാതാ അതോറിറ്റി അധികൃതരുമായി നിരവധി തവണ ചർച്ചകൾ നടത്തിക്കഴിഞ്ഞു. അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നാണ് സൂചന. തുറമുഖത്തുനിന്ന് ദേശീയപാതയിലേക്കുള്ള റോഡുനിർമാണം അവസാനഘട്ടത്തിലാണ്. റോഡ് ഗതാഗതം സാധ്യമാകുന്നതോടെ തുറമുഖത്തുനിന്നുള്ള ചരക്കുനീക്കവും ആരംഭിക്കാൻ കഴിയും.