വർക്കല വെട്ടൂരിൽ ജല അതോറിറ്റിയുടെ കൂറ്റൻ ജലസംഭരണി പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുന്നു.

വർക്കല : വെട്ടൂരിൽ ജല അതോറിറ്റിയുടെ കൂറ്റൻ ജലസംഭരണി പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുന്നു. പലഭാഗങ്ങളിൽനിന്നും വെള്ളം ശക്തിയോടെ പുറത്തേക്കൊഴുകാൻ തുടങ്ങിയതോടെ ജലസംഭരണി അപകടാവസ്ഥയിലുമായി. വെട്ടൂർ പഞ്ചായത്തിലെ ആറാം വാർഡിൽ അയന്തിവളവിൽ കൊച്ചുവിള അർധനാരീശ്വര ക്ഷേത്രത്തിന് സമീപമാണ് ജലസംഭരണി സ്ഥിതിചെയ്യുന്നത്.

രണ്ടു വർഷത്തിലേറെയായി ടാങ്കിന് ചോർച്ചയുണ്ട്. ആദ്യമുണ്ടായ ചെറിയ ചോർച്ചയ്ക്ക് യഥാസമയം പരിഹാരം കാണാത്തതാണ് പൊട്ടിയൊലിക്കുന്ന സ്ഥിതിയുണ്ടാക്കിയത്. വേനൽക്കാലത്ത് വെള്ളം വെറുതെ പാഴാകുകയും ചെയ്യുന്നു.

കാട്ടുവിള ശുദ്ധജലവിതരണ പദ്ധതിയുമായി ബന്ധപ്പെട്ട് 2001-ലാണ് 58000 ലിറ്റർ സംഭരണശേഷിയുള്ള ഉപരിതല ടാങ്ക് നിർമിച്ചത്. മന്ത്രിയായിരുന്ന ടി.എം.ജേക്കബാണ് ഉദ്ഘാടനം ചെയ്തത്. കാട്ടുവിള പദ്ധതിയിൽനിന്ന് വെള്ളം പമ്പ് ചെയ്ത് ഈ ടാങ്കിൽ എത്തിച്ച് വെട്ടൂർ, ചെറുന്നിയൂർ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലാണ് വിതരണം ചെയ്തുവരുന്നത്.

റോഡുവിള, കല്ലുമലക്കുന്ന്, വെട്ടൂർ എസ്.എൻ. ലക്ഷംവീട് കോളനികൾ, മേൽവെട്ടൂർ, കയറ്റാഫീസ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെനിന്നാണ് വെള്ളം ലഭിക്കുന്നത്.

നൂറുകണക്കിന് കുടുംബങ്ങൾക്ക് പൈപ്പിലൂടെ കുടിവെള്ളമെത്തുന്നത് ഈ സംഭരണിയിൽനിന്നാണ്. അപകടകരമായ രീതിയിലാണ് സംഭരണിയുടെ വശങ്ങൾപൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുന്നത്. സ്ഥിരമായി വെള്ളമൊഴുകുന്നത് സംഭരണിയുടെ ബലക്ഷയത്തിന് കാരണമാകും. എന്തെങ്കിലും കുഴപ്പമുണ്ടായാൽ പ്രദേശത്ത് കുടിവെള്ളം മുട്ടുന്ന അവസ്ഥയുണ്ടാകും. റോഡരികിൽ സ്ഥിതിചെയ്യുന്ന ജലസംഭരണി കാൽനടയാത്രക്കാർക്കും ഭീഷണിയാണ്. ചെറിയ ചോർച്ചയുണ്ടായ സമയത്ത് അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല. ഇനി ചോർച്ച പരിഹരിക്കാൻ ഉൾഭാഗം കോൺക്രീറ്റ് ചെയ്യേണ്ടതായിവരും.

അറ്റകുറ്റപ്പണികൾ നടത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും ജല അതോറിറ്റി ഗൗരവമായി എടുക്കുന്നില്ലെന്ന് പ്രദേശവാസികൾക്ക് ആക്ഷേപമുണ്ട്. പരാതി അറിയിക്കുമ്പോൾ നോക്കാമെന്നുള്ള മറുപടി മാത്രമാണ് അധികൃതർ നൽകുന്നതെന്നും ഇവർ പറയുന്നു. പഞ്ചായത്തിലും പരാതി നൽകിയിട്ടുണ്ട്. അടിയന്തര നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.

ചോർച്ച ശ്രദ്ധയിൽപ്പെട്ടപ്പോൾതന്നെ ജല അതോറിറ്റിയെ പഞ്ചായത്ത് അറിയിച്ചിരുന്നു. ജല അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിട്ടും ആവശ്യമായ നടപടി സ്വീകരിച്ചില്ല. അവരുടെ അശ്രദ്ധ കാരണം പുതിയ ടാങ്ക് ടാങ്ക് നിർമിക്കേണ്ട അവസ്ഥയിലേക്ക് നീങ്ങുകയാണ്.