ബെംഗളൂരു: അവധി ആഘോഷത്തിനായി കർണാടകയിലെ കോപ്പാളയിലെത്തിയ വനിതാ ഡോക്ടറെ നദിയിൽ കാണാതായി. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനായി റീൽസ് ചിത്രീകരിക്കുന്നതിനായി തുംഗഭദ്ര നദിക്കരയിൽ എത്തിയതായിരുന്നു യുവതി. റീൽ ചിത്രീകരിക്കാനായി നദിയിൽ ചാടിയ ഇവരെ പിന്നീട് കാണാതാവുകയായിരുന്നു. അവധി ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശിനിയായ ഡോക്ടർ അനന്യ റാവുവാണ് നദിയിൽ മുങ്ങിപ്പോയത്.
കർണാടകയിലെ കോപ്പാള ജില്ലയിലെ ഗംഗാവതിയിലാണ് സംഭവം. അനന്യ ഒഴുക്കിൽ പെട്ടെന്നാണ് സംശയിക്കുന്നത്. വ്യാഴാഴ്ച രാവിലെ അനന്യ നദിയിലേക്കു ചാടുന്ന ദൃശ്യങ്ങൾ സുഹൃത്തുക്കൾ റീൽ ചിത്രീകരിച്ചിരുന്നു. ഇവർക്കായി തുംഗഭദ്ര നദിയിൽ തിരച്ചിൽ തുടരുകയാണ്.