കടയ്ക്കാവൂർ : പൊട്ടിപ്പൊളിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും മാടൻനട-മരുതൻവിളാകം റോഡ് നന്നാക്കാതെ അധികൃതർ. റോഡിലെ കുഴികളും ടാറിളകിയ മെറ്റലുകളും കാരണം കാൽനടയാത്രക്കാർപോലും ഏറെ ദുരിതമനുഭവിക്കുകയാണ്. വക്കം പഞ്ചായത്തിലെ 12-ാം വാർഡിലൂടെയാണ് റോഡ് കടന്നുപോകുന്നത്. വക്കത്തുനിന്ന് റെയിൽവേ ഗേറ്റിൽ കിടക്കാതെ കടയ്ക്കാവൂർ, അഞ്ചുതെങ്ങ് വഴി തീരദേശപാതയിൽ എത്താമെന്നതാണ് മരുതൻവിളാകം റോഡിന്റെ പ്രത്യേകത.
കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിറങ്ങുന്ന യാത്രക്കാർ ഇരുചക്രവാഹനങ്ങളിലും കാൽനടയായും വക്കത്തേക്കു പോകുവാൻ ആശ്രയിക്കുന്നത് മരുതൻവിളാകം റോഡിനെയാണ്. റോഡ് നിറയെ കുഴികളായതിനാൽ ഇരുചക്രവാഹനയാത്രക്കാർ ഉൾപ്പെടെ ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവാണ്. താരതമ്യേന വീതിയുള്ള റോഡായതിനാൽ ആധുനികരീതിയിൽ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നാണ് ആവശ്യം. എങ്കിൽ വക്കത്തുനിന്ന് ആറ്റിങ്ങൽ, ചിറയിൻകീഴ്, കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, തിരുവനന്തപുരം ഭാഗങ്ങളിലേക്കു പോകുന്ന യാത്രക്കാർക്ക് മണിക്കൂറുകളോളം റെയിൽവേ ഗേറ്റിൽ കുടുങ്ങിക്കിടക്കുന്നതുമൂലമുള്ള സമയനഷ്ടം ഒഴിവാക്കാൻ സാധിക്കും.
റോഡ് സഞ്ചാരയോഗ്യമല്ലാത്തതിനാൽ മരുതൻവിളാകം സ്കൂളിലെ വിദ്യാർഥികളും ദുരിതത്തിലാണ്. റോഡിനു സമീപത്തെ വീടുകളിൽനിന്നു കാൽനടയായി സ്കൂളിലെത്തുന്ന വിദ്യാർഥികളാണ് ഏറെയും ബുദ്ധിമുട്ടുന്നത്. ആലംകോട്-മീരാൻകടവ് റോഡ് നവീകരണത്തിന്റെ ഭാഗമായി വലിയ വാഹനങ്ങൾ ഉൾപ്പെടെ പൊട്ടിപ്പൊളിഞ്ഞ മരുതൻവിളാകം റോഡിലൂടെയാണ് പലപ്പോഴും തിരിച്ചുവിട്ടത്. ഇത് റോഡ് കൂടുതൽ മോശമാകുന്നതിനു കാരണമായി. മഴക്കാലമായാൽ പ്രദേശത്ത് വെള്ളക്കെട്ടു രൂക്ഷമാണ്. റോഡിലെ കുഴികളിൽ വെള്ളം കെട്ടിനിന്ന് അപകടങ്ങൾ സംഭവിക്കുന്നതും പതിവാണ്. മഴക്കാലത്തിനുമുൻപ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം