റെയിൽവേയുടെ ‘സ്വാറെയിൽ’ ആപ്പ് എല്ലാ സേവനങ്ങളും ഇനി ഒറ്റ കുടക്കീഴിൽ

യാത്രക്കാർക്കായി ‘സ്വാറെയിൽ’ എന്ന സൂപ്പർആപ്പ്’ അവതരിപ്പിച്ച് റെയിൽവേ മന്ത്രാലയം. റെയിൽവേ സേവനങ്ങൾ ഒരൊറ്റ ഉപയോക്തൃ-സൗഹൃദ പ്ലാറ്റ്‌ഫോമിലേക്ക് കേന്ദ്രീകരിക്കാൻ രൂപകൽപ്പന ചെയ്ത ആപ്ലിക്കേഷനാണിത്. സെൻ്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ആണ് ഈ ആപ്പ് വികസിപ്പിച്ചത്. [SwaRail App]
ഈ സൂപ്പർ ആപ്പ് ടിക്കറ്റ് ബുക്കിംഗ്, ട്രെയിനുകളിൽ ഭക്ഷണം ഓർഡർ ചെയ്യൽ, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ ആക്‌സസ് ചെയ്യൽ, സീസൺ പാസുകൾ, പിഎൻആർ അന്വേഷണങ്ങൾ തുടങ്ങിയ ബഹുമുഖ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു ഏകജാലക സംവിധാനമാണ്. നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ടെസ്റ്റ് ഫ്ലൈറ്റിലും ബീറ്റാ ടെസ്റ്റിംഗിനായി സ്വാറെയിൽ പുറത്തിറക്കിയിട്ടുണ്ട്.
ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ബീറ്റാ പതിപ്പിലാണ് സ്വാറെയിൽ ലഭ്യമാകുക. ആദ്യഘട്ടത്തിൽ ആയിരം പേർക്കാണ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയുക. പിന്നീട് ഇവർ ഉപയോ​ഗിച്ചതിന് ശേഷം ഫീഡ്ബാക്ക് ലഭിക്കുന്നതിന് അനുസരിച്ച് കൂടുതൽ മെച്ചപ്പെടുത്തി പതിനായിരം പേർക്ക് ലഭ്യമാകുന്ന വിധത്തിൽ ആപ്പ് ഒരിക്കൽ കൂടി പുറത്തിറക്കും. ഇന്ത്യൻ റെയിൽവേയുടെ വിവിധ സേവനങ്ങൾക്കായി നിരവധി ആപ്പുകളെ ആശ്രയിക്കുന്നത് ഈ സൂപ്പർ ആപ്പിന്റെ വരവോടെ ഒഴിവാകും

സ്വാറെയിലിന്റെ പ്രധാന സേവനങ്ങൾ:

.റിസർവ് ചെയ്തതും റിസർവ് ചെയ്യാത്തതുമായ ടിക്കറ്റ് ബുക്കിംഗുകൾ
.പ്ലാറ്റ്‌ഫോം ടിക്കറ്റ് ബുക്കിംഗ്
.പാർസൽ ബുക്കിംഗ്
.ട്രെയിൻ അന്വേഷണങ്ങൾ
.പിഎൻആർ അന്വേഷണങ്ങൾ
.റെയിൽവേ മദദ് വഴിയുള്ള സഹായം
.ട്രെയിൻ ട്രാക്ക് ചെയ്യാനും ട്രെയിനിലേക്ക് ഭക്ഷണം ഓർഡർ ചെയ്യാനും സൗകര്യം