സ്വകാര്യ ബസിൽ യാത്രക്കാരിയുടെ സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച രണ്ട് തമിഴ് യുവതികളെ സഹയാത്രികർ പിടികൂടി എടത്തല പൊലീസിന് കൈമാറി.

ആലുവ: സ്വകാര്യ ബസിൽ യാത്രക്കാരിയുടെ സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച രണ്ട് തമിഴ് യുവതികളെ സഹയാത്രികർ പിടികൂടി എടത്തല പൊലീസിന് കൈമാറി. കോയമ്പത്തൂർ മുക്കോണം സ്വദേശിനികളായ ലിയ അറുമുഖം (25), കീർത്തന ഉണ്ണി (26) എന്നിവരാണ് പിടിയിലായത്.

 പെരുമ്പാവൂരിൽ നിന്നും ആലുവയിലേക്ക് വന്ന യാത്രാസ് ബസിലെ യാത്രക്കാരിയായ ചെമ്പറക്കി സ്വദേശിനിയുടെ മാലയാണ് പൊട്ടിക്കാൻ ശ്രമിച്ചത്. രാജഗിരി ആശുപത്രി കവലക്ക് സമീപം ബസ് എത്തിയപ്പോഴാണ് കൃത്രിമ തിരക്കുണ്ടാക്കി മാല പൊട്ടിക്കാൻ ശ്രമിച്ചത്. മൊബൈൽ ഫോൺ, ആധാർ കാർഡ് എന്നിവയൊന്നും കൈവശം സൂക്ഷിക്കാത്ത പ്രതികൾക്കെതിരെ ശാസ്താംകോട്ട സ്റ്റേഷനിൽ മൂന്ന് മോഷണക്കേസുകളും എറണാകുളം സെൻട്രൽ, ഹിൽപ്പാലസ്, മലപ്പുറം, താമരശേരി, എഴുകോൺ, കൊടുവള്ളി എന്നിവിടങ്ങളിലും കേസുകളുണ്ട്.

മധുര സ്വദേശിനി മീനാക്ഷി, തൂത്തുകുടി സ്വദേശി കൗസല്യ, പ്രിയ എന്നീ പേരുകളും വിലാസങ്ങളുമാണ് പല സ്റ്റേഷനുകളിലും പ്രതികൾ നൽകുന്നത്. ബന്ധുക്കളെല്ലാം മരണപ്പെട്ടെന്നും ആരുമില്ലെന്നും പറയും. എന്നാൽ മോഷണക്കേസുകളിൽ പിടിയിലായ കോടതികളിൽ ഹാജരാക്കുമ്പോൾ ജാമ്യത്തിനായി അഭിഭാഷകരെത്തും. വലിയ മോഷണശ്രംഖലയുടെ ഭാഗമാണ് പിടിയിലായ യുവതികളെന്ന് വ്യക്തമായതായി എടത്തല പൊലീസ് വ്യക്തമാക്കി.