കന്യാകുളങ്ങര സ്വദേശി ആംബുലൻസ് ഡ്രൈവറെ തട്ടികൊണ്ട് പോയി മർദനം;ഒളിവിൽ കഴിഞ്ഞ പ്രതികൾ പിടിയിൽ

 കന്യാകുളങ്ങര സ്വദേശി ആംബുലൻസ് ഡ്രൈവറെ തട്ടികൊണ്ടു പോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ ഗുണ്ടകൾ മടങ്ങി എത്തി ഓട്ടോറിക്ഷാ ഡ്രൈറെ ആക്രമിക്കുന്നതിനിടയിൽ പൊലീസിന്റെ പിടിയിലായി. കൊലക്കേസ് പ്രതികളും സഹോരങ്ങളുമായ കല്ലമ്പള്ളി കരിമ്പുക്കോണം മേലാങ്കോണം പുതുവൽ പുത്തൻവീട്ടിൽ എബി (32), മേലാങ്കോണം പുതുവൽ പുത്തൻ വീട്ടിൽ സിബി (31), ഇവരുടെ സുഹൃത്ത് നാലാഞ്ചിറ തട്ടിനകം കിഴക്കേവിള വീട്ടിൽ ശിവപ്രസാദ് (31) എന്നിവരാണ് ശ്രീകാര്യത്ത് പട്ടാപ്പകൽ ഓട്ടോറിക്ഷാ ഡ്രൈവറെ വളഞ്ഞിട്ട് തല്ലുന്നതിനിടയിൽ പിടിയിലായത്.

ആംബുലൻസ് ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എറണാകുളത്തു 9 ദിവസം ഒളിവിൽ കഴിഞ്ഞ പ്രതികൾ ചൊവ്വാഴ്ച നെടുമങ്ങാട് എത്തി മദ്യപിച്ച ശേഷം ഓട്ടോറിക്ഷയിൽ ശ്രീകാര്യം വെഞ്ചാവോട് വന്നു. ഓട്ടോക്കൂലി കൊടുക്കാതെ കടക്കാൻ ശ്രമിച്ച പ്രതികൾ, ഇതു ചോദ്യം ചെയ്ത ഡ്രൈവറെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. നടുറോഡിലെ സംഘട്ടനം കണ്ട് ഓടികൂടിയവരാണ് പ്രതികളെ തിരിച്ചറിയുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തത്. ശ്രീകാര്യം പൊലീസ് എത്തി മൂന്നുപേരെയും കസ്റ്റഡിയിൽ എടുത്തു.

ഓട്ടം വിളിച്ചവർ ഗുണ്ടകളാണെന്നു അറിഞ്ഞതോടെ ഓട്ടോറിക്ഷാഡ്രൈവർ പരാതിയില്ലെന്ന് അറിയിച്ച് പോയെന്നു പൊലീസ് പറഞ്ഞു. എബിയും സിബിയും ശ്രീകാര്യം കല്ലമ്പള്ളിയിൽ ആർഎസ്എസ് കാര്യവാഹക് രാജേഷിനെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതികളും സഹോദരങ്ങളുമാണ്. 

കന്യാകുളങ്ങര ഇടവിളാകം ബൈത്തുൽ ഫിർദൗസിൽ മെഹബൂബ് (23) ആണ് ആക്രമണത്തിന് ഇരയായത്. മെഡിക്കൽകോളജ് ആശുപത്രിക്കു സമീപത്തുനിന്നു പ്രതികൾ ചേർന്ന് ആംബുലൻസ് ഡ്രൈവറായ മെഹബൂബിനെ തട്ടിക്കൊണ്ടുപോകുകയും ശ്രീകാര്യത്ത് ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ആക്രമിക്കുകയുമായിരുന്നു.

ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച മെഹബൂബിനെ വിവസ്ത്രനാക്കി നിർത്തി മണിക്കൂറുകളോളം വിചാരണ ചെയ്തു മർദിച്ച ശേഷം ഷർട്ട് ഉപയോഗിച്ച് കഴുത്തിൽ കുരുക്കിട്ടും പിന്നീട് തോട്ടിൽ ചവിട്ടിതാഴ്ത്തി മുക്കി കൊല്ലാനും ശ്രമിച്ചു. മെഹബൂബിന്റെ നിലവിളികേട്ട് സ്ഥലത്തേയ്ക്കു ആളുകൾ എത്തിയ തോടെയാണ് പ്രതികൾ ആക്രമണം മതിയാക്കി കടന്നത്. മെഹബൂബിന്റെ കൈവശം ഉണ്ടായിരുന്ന 2 മൊബൈൽഫോണുകളും എടിഎം കാർഡുകളും പ്രതികൾ തട്ടിയെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തെന്നു മെഡിക്കൽകോളജ് പൊലീസ് പറഞ്ഞു.