വസ്തു അളന്ന് തിട്ടപ്പെടുത്തി നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടയിൽ താലൂക്ക് സർവേയർ വിജിലൻസിന്റെ പിടിയിലായി.

വസ്തു അളന്ന് തിട്ടപ്പെടുത്തി നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടയിൽ താലൂക്ക് സർവേയർ വിജിലൻസിന്റെ പിടിയിലായി. പവിത്രേശ്വരം പൊരിയ്ക്കൽ സ്വദേശിയും ഫസ്റ്റ് ഗ്രേയിഡ് സർവ്വേയറുമായ അനിൽകുമാർ ആണ് വിജിലെൻസിന്റെ പിടിയിലായത്. അഞ്ചൽ സ്വദേശിയുടെ മുളവനയിലുള്ള കുടുംബ വസ്തുവിൽ മൂന്ന് സെന്റ് അളന്ന് തിട്ടപ്പെടുത്തുന്നതിനായി അപേക്ഷ നൽകി. കളക്ടറുടെ കയ്യിൽ നിന്ന് സ്പെഷ്യൽ ഓർഡറും വാങ്ങി. എന്നാൽ വസ്തു അളക്കുന്നതിന് വീണ്ടും കാലതാമസം നേരിട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടപ്പോഴാണ് 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് അഞ്ചൽ സ്വദേശി വിജിലൻസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് തിങ്കളാഴ്ച 11 മണിയോടെ ഫസ്റ്റ് ഗ്രേഡ് സർവ്വെയർ അനിൽകുമാറും ഉദ്യോഗസ്ഥരും മുളവനയിൽ എത്തി. വസ്തു അളക്കുന്നതിന് മുന്നേ പണം ആവശ്യപ്പെടുകയും വിജിലൻസ് നൽകിയ പണം ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്തു. സംഭവസ്ഥലത്ത് തന്നെ ഉണ്ടായിരുന്ന വിജിലൻസ് ഉദ്യോഗസ്ഥർ അനിൽകുമാറിനെ കയ്യോടെ പിടികൂടുകയായിരുന്നു.