വിവാഹറിസപ്ഷൻ കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികൾക്കാണ് ഇന്നലെ രാത്രി പൊലീസിന്റെ മർദ്ദനമേറ്റത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം വിശ്രമത്തിനായി വാഹനം നിർത്തിയപ്പോഴാണ് പൊലീസ് ലാത്തി വീശിയത്. ഇരുപത് അംഗ സംഘമായിരുന്നു ട്രാവലറിൽ ഉണ്ടായിരുന്നത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ് ഐ എസ് ജിനു ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് മർദ്ദിച്ചത്. മർദ്ദനത്തിൽ വിവാഹസംഘത്തിലുണ്ടായിരുന്നവർക്ക് തലയ്ക്കും കൈയ്ക്കും തോളിനും പരുക്കേറ്റു
അതിക്രമത്തിൽ പൊലീസിന് വീഴ്ചയുണ്ടായെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ആളുമാറിയാണ് ആക്രമണമെന്നും റിപ്പോർട്ടിൽ പറയുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് പരുക്കേറ്റവരുടെ മൊഴിയെടുത്തിരുന്നു. മർദ്ദമേറ്റവരുടെ പരാതിയിൽ സംഭവത്തിൽ പൊലീസ് കേസെടുത്തു. എന്നാൽ എസ്ഐയെ താൽക്കാലികമായി പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ നിന്ന് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് സ്ഥലംമാറ്റം നടത്തുക മാത്രം ചെയ്തത് വിവാദമായി. .
പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി.