*സീനിയോറിറ്റി നിലനിർത്തി എംപ്ലോയ്മെന്‍റ് രജിസ്ട്രേഷൻ പുതുക്കാം*

1995 ജനുവരി ഒന്ന് മുതൽ 2024 ഡിസംബര്‍ 31 (10/94 മുതൽ 09/2024 വരെ രജിസ്ട്രേഷൻ കാർഡിൽ പുതുക്കൽ രേഖപ്പെടുത്തിയിട്ടുളളവർക്ക്) വരെയുളള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്‍റ് രജിസ്ട്രേഷൻ പുതുക്കുവാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കാന്‍ അവസരം. പ്രസ്തുത കാലയളവിൽ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേനയോ മറ്റ് സ്ഥാപനങ്ങളിലോ ജോലി ലഭിച്ച് നിയമാനുസൃതം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങുകയും എന്നാൽ സർട്ടിഫിക്കറ്റ് യഥാസമയം (90 ദിവസത്തിനകം) രജിസ്റ്റർ ചെയ്യാൻ കഴിയാത്തതിനാൽ സീനിയോറിറ്റി നഷ്ടമായവർക്കും, ഈ കാലയളവില്‍ മെഡിക്കല്‍ കാരണങ്ങളാലും ഉപരിപഠനത്തിന് പോകേണ്ടി വന്നതിനാലും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാകാതെ ജോലിയില്‍ നിന്ന് വിടുതല്‍ ചെയ്ത്/രാജി വെച്ചവര്‍ക്കും ഈ കാലയളവില്‍ നിയമനം ലഭിച്ചിട്ടും വിവിധ കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കാതെ നിയമന അധികാരിയില്‍ നിന്നും നോണ്‍ ജോയിനിങ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കത്തതിനാല്‍ സീനിയോറിറ്റി നഷ്ടമായവര്‍ക്കും സർക്കാരിന്റെ പ്രത്യേക പുതുക്കൽ 2025 ഉത്തരവ് പ്രകാരം രജിസ്ട്രേഷന്‍ പുതുക്കാം.
ഇതിനായി ഏപ്രില്‍ 30 വരെയുള്ള എല്ലാ പ്രവൃത്തിദിവസങ്ങളിലും രജിസ്ട്രേഷന്‍ കാര്‍ഡ് സഹിതം അടൂര്‍ എംപ്ലേയ്മെന്റ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിന്റെ ഔദ്യോഗിക വെബ് പോർട്ടലായ www.eemployment.kerala.gov.in മുഖേന ഓണ്‍ലൈനായും പുതുക്കാവുന്നതാണ്. പോര്‍ട്ടലിന്റെ ഹോം പേജില്‍ നല്‍കിയിട്ടുള്ള | സ്പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴിയാണ് ഇത്തരത്തില്‍ പുതുക്കേണ്ടത്.