കൊല്ലം കല്ലുവാതുക്കൽ ബിവറേജസ് ഷോപ്പിന് മുന്നിൽ പാർക്കിം​ഗിനെ ചൊല്ലി കൂട്ടയടി

കൊല്ലം : കല്ലുവാതുക്കൽ  ബിവറേജസ് ഷോപ്പിന് മുന്നിൽ പാർക്കിം​ഗിനെ ചൊല്ലി തമ്മിൽതല്ലി യുവാക്കൾ. കൊല്ലം കല്ലുവാതുക്കൽ ബിവേറജസ് ഷോപ്പിന് മുൻപിലാണ് മദ്യം വാങ്ങാനെത്തിയവർ‌ തമ്മിൽ കൈയ്യേറ്റമുണ്ടായത്. ശരിയായ രീതിയിലല്ല വണ്ടി പാർക്ക് ചെയ്തിരിക്കുന്നതെന്ന് ആരോപിച്ച് കൈയ്യിലുണ്ടായിരുന്ന ബിയർ കുപ്പികളും തടിക്കഷ്ണവും ഉപയോഗിച്ച് മദ്യം വാങ്ങാനെത്തിയവരെ പ്രതികൾ മ‍ർദ്ദിക്കുകയായിരുന്നു.

സംഭവത്തിൽ കല്ലുവാതുക്കൽ ശ്രീരാമവിലാസം വീട്ടിൽ വിഷ്ണു, ചിറക്കര ഹരിതശ്രീയിൽ ശരത്ത് എന്നിവരെ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മദ്യം വാങ്ങാനെത്തിയ പാരിപ്പള്ളി സ്വദേശി വീനസിനെയും സുഹൃത്തുക്കളേയുമാണ് പ്രതികൾ മർദ്ദിച്ചത്. ആദ്യം വാഹനം പാ‍ർക്കിം​ഗ് ചെയ്തത് രൂക്ഷമായ ഭാഷയിൽ പ്രതികൾ ചോദ്യം ചെയ്തു. പിന്നീട് വാക്കേറ്റം കൈയ്യേറ്റത്തിൽ കലാശിക്കുകയായിരുന്നു.