വെഞ്ഞാറമൂട് കൂട്ടക്കൊല; ഫര്‍സാനയെ കൊലപ്പെടുത്തിയത് കൂട്ടക്കൊല ഏറ്റു പറഞ്ഞ ശേഷം

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്റെ മൊഴി പുറത്ത്. പെണ്‍സുഹൃത്തായ ഫര്‍സാനയെ കൊലപ്പെടുത്തുന്നതിന് മുമ്പ് കൂട്ടക്കൊല നടത്തിയ കാര്യം ഏറ്റു പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് ഫര്‍സാനയെ കൊന്നത്. പാങ്ങോട് പൊലീസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ പ്രതി ഏറ്റുപറഞ്ഞത്.

ഇനിയെങ്ങനെ ജീവിക്കുമെന്ന് ഫര്‍സാന ചോദിച്ചപ്പോള്‍ കസേരയിലിരിക്കുകയായിരുന്ന ഫര്‍സാനയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തി. കടബാധ്യതയ്ക്ക് കാരണം മാതാവാണെന്ന് സല്‍മാ ബീവി നിരന്തരം കുറ്റപ്പെടുത്തി. ഇതുമൂലമുണ്ടായ വൈരാഗ്യത്തിലാണ് സല്‍മാ ബീവിയെ കൊന്നത്. ലത്തീഫിന്റെ ഭാര്യയെ കൊല്ലാന്‍ ആഗ്രഹിച്ചില്ല. ലത്തീഫിന്റെ കൊലപാതക വിവരം പുറത്തു പറയുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്നും അഫാന്‍ പൊലീസിനോട് മൊഴി നല്‍കിയെന്നാണ് വിവരം.
അതേസമയം ഏഴ് വര്‍ഷത്തിന് ശേഷം സാമൂഹ്യ പ്രവര്‍ത്തകന്റെ ഇടപെടലില്‍ അഫാന്റെ പിതാവ് അബ്ദുറഹീം നാട്ടിലെത്തി. സാമ്പത്തിക പ്രതിസന്ധിയും താമസ രേഖയില്ലാത്തതും റഹീമിന്റെ യാത്ര പ്രതിസന്ധിയിലാക്കിയിരുന്നു. അതിനിടെ കൂട്ടക്കൊലപാതകത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രതി അഫാന്റെ മാതാവ് ഷെമിയില്‍ നിന്ന് ഇന്ന് അന്വേഷണസംഘം മൊഴിയെടുക്കും. കഴിഞ്ഞ മൂന്നു ദിവസങ്ങളിലും പൊലീസ് മൊഴിയെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഷെമിയുടെ ആരോഗ്യസ്ഥിതി അനുവദിച്ചിരുന്നില്ല.