നാട്ടുകാരെ, ഉറക്കം എഴുന്നേൽക്കാൻ സമയമായി!!-------അയൽ വാസികൾ മുഴുവൻ പറയുന്നു : "അവൻ നല്ല കുട്ടിയായിരുന്നു, നല്ല പെരുമാറ്റമായിരുന്നു!".

തിരുവനന്തപുരം വെഞ്ഞാറമൂട് എന്ന സ്ഥലത്ത് ഒരു ദിവസം കൊണ്ട് കുടുംബത്തിലെ അഞ്ച് പേരെ കൊന്ന 23 വയസ്സുകാരൻ അഫാനെ കുറിച്ച് നാട്ടുകാർ പറഞ്ഞ വാക്കുകളാണ് ഇത്!.
എന്നും ഒന്നിച്ച് നടന്ന കൊച്ച് അനുജന് മന്തി വാങ്ങി കൊടുത്ത കൈ കൊണ്ടാണ് അൽപ നേരം കൊണ്ട് അവനെ കൊന്ന് തള്ളിയത്!!.

എങ്ങനെ സാധിക്കുന്നു ഇത്?!. ഒരു മനുഷ്യന് ഇത്രയും ക്രൂരത കാണിക്കാൻ സാധിക്കുമോ?. ഏത് മാനസികാവസ്ഥയാണ് അവനെ നിയന്ത്രിച്ചത്?!.

ഇതൊക്കെ കണ്ട് നമുക്ക് ഒന്നും തോന്നുന്നില്ലേ!?. ഇതൊന്നും നമ്മുടെ നാട്ടിൽ നടക്കില്ലെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ?. നമുക്ക് ചുറ്റും കാണുന്ന എല്ലാ കുട്ടികളും എല്ലാ തരം ലഹരി ഉപയോഗത്തിൽ നിന്നും പൂർണ്ണ മുക്തരാണോ!?. നിങ്ങൾക്ക് ഉറപ്പുണ്ടോ?.

നാട്ടിൽ  ആരെയെങ്കിലും ലഹരി കേസ്സിൽ പിടിക്കപ്പെട്ടു എന്ന് കേട്ടാൽ പരദൂഷണം കൊണ്ട് അന്തരീക്ഷം മലിനമാക്കുന്ന നമ്മുടെ കുടുംബത്തിൻ്റെ  അകത്തളങ്ങളിൽ എത്രപേർ ഈ നീരാളി പിടുത്തത്തിൻ്റെ കൈകളിൽ പെട്ടിട്ടുണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ!?.

കള്ള് കുടിച്ചവനെയും , വിദേശ മദ്യം കഴിച്ചവനെയും, സിഗരറ്റും ബീഡിയും വലിച്ചവനെയുമൊക്കെ അതാതിൻ്റെ വാസന കൊണ്ട് തിരിച്ചറിഞ്ഞ കാലത്ത് നിന്നും മാറി സിന്തറ്റിക് ലഹരി ഉപയോഗിച്ചവനെ തിരിച്ചറിയാത്ത ഒരു കാലത്താണ് നാം ജീവിക്കുന്നത് എന്ന കാര്യം ആരും മറക്കരുത്.

ഏത് തരം പ്രകോപനങ്ങളാണ് അവനിൽ നിന്നും വരുന്നത് എന്ന് ആർക്കും അറിയില്ല. പെട്ടെന്നുള്ള പ്രകോപനങ്ങൾ കൂട്ട കൊലപാതകങ്ങളിലേക്കാണ് നയിക്കുന്നത്!!. അതും ക്രൂര കൊലപാതകങ്ങൾ!.
എന്നിട്ടും നമുക്ക് ആർക്കും ഈ ഭീകര അവസ്ഥയെ മനസ്സിലാക്കാൻ സാധിക്കുന്നില്ലേ!?.

നാം ഉറക്കം നടിക്കുകയാണ്. ഈ ഉറക്കത്തിൽ നിന്നും നാം ഉണരുമ്പോൾ നമ്മുടെ മക്കൾ ഏത് അവസ്ഥയിലാണ് എന്ന് നാം അറിയും!. ഒരാൾക്കും മറ്റൊരാളെ കുറ്റം പറയാൻ സാധിക്കാത്ത അവസ്ഥയാണ് നാട്ടിൽ. മറ്റുള്ള കുട്ടികളെ നോക്കി കുറ്റം പറയുന്നതിന് പകരം സ്വന്തം വീട്ടിലെ കുട്ടികളെ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

പിന്നേയും പിന്നേയും അടിവരയിട്ട് പറയുകയാണ്✍️. വലിയ വലിയ കുടുംബത്തിലെ കുട്ടികൾ മുതൽ ഏറ്റവും താഴ്ന്ന സാമ്പത്തിക , സാമൂഹിക അന്തരീക്ഷത്തിൽ വളർന്ന കുട്ടികൾ വരെ ഈ വിപത്തിൽ പെട്ടിട്ടുണ്ട്. അഞ്ച് ശതമാനമോ പത്ത് ശതമാനമോ അല്ല, മറിച്ച് 75 ശതമാനവും എന്ന് പറഞ്ഞത് ഈ മേഖലയിൽ പഠനം നടത്തുന്ന ഒരു ഡോക്ടറാണ്!!.

കുട്ടികൾക്ക്  സിഗരറ്റ്,  ലഹരി  അടങ്ങിയ  മധുരങ്ങൾ വിൽക്കുന്ന, "ഗൾഫ് സാധങ്ങൾ വിൽപന നടത്തുന്ന"  ഷോപ്പിൻ്റെ പേരിലുള്ള കടയിൽ വെച്ച് കുട്ടികൾക്ക്   ഇ - സിഗരറ്റ് വിൽപന നടത്തുന്ന പകൽ മാന്യന്മാരോക്കെയാണ് ഈ അവസ്ഥയുടെ ഒന്നാം പ്രതി!.

നാട്ടുകാരെ, നിങ്ങൾ ഒന്ന് കൂടി ഉണർന്ന് ചിന്തിക്കുക. അധ്യാപകർ നിങ്ങളുടെ കുട്ടികളുടെ പാൻ്റിൻ്റെ കീശയിൽ കയ്യിട്ട് പരിശോധിക്കുമ്പോൾ "പോക്സോ കേസ് ഓർമ്മയുണ്ടോ!?" എന്നാണ് കുട്ടികൾ തിരിച്ച് ചോദിക്കുന്നത്!.
അവർ നിസ്സഹായരാണ്.
മക്കളെ ശ്രദ്ധിക്കണേ എന്ന് അധ്യാപകർ നിങ്ങളോട് പറയുമ്പോൾ നാം അധ്യാപകരെ തിരിച്ച് വഴക്ക് പറയുകയാണ്!.

നാട് മാറി കെട്ടോ.
നാട്ടിലെ സാമൂഹിക അവസ്ഥയും മാറി!.
കുട്ടികളോട് കൂടുതൽ അടുക്കുക. അവരോട് കൂടുതൽ സംസാരിക്കുക. അവരുടെ ആവശ്യങ്ങൾ നിങ്ങൾ തന്നെ നിർവ്വഹിച്ച് കൊടുക്കുക. അവരുടെ കൂട്ടുകാർ ആരൊക്കെ എന്ന് സൂക്ഷ്മമായി ശ്രദ്ധിക്കുക. സോഷ്യൽ മീഡിയയിലൂടെ ആരോടൊക്കെ, ഏതൊക്കെ സമയങ്ങളിൽ , എന്തൊക്കെ വിഷയങ്ങളിൽ ആശയ വിനിമയം നടത്തുന്നുണ്ട് എന്ന് ശ്രദ്ധിക്കുക.

തല്ലിയിട്ട് മക്കളെ നന്നാക്കി കളയാം എന്ന വ്യാമോഹം ആദ്യം കൈവെടിയുക. ആ കാലം മാറി.
പോലീസ് അധികാരികളുടെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. എന്തെങ്കിലും കുറ്റ കൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അവരെ  അറിയിക്കുക.
ലഹരി മാഫിയയെ ഒരു കാരണവശാലും ഭയപ്പെടരുത്.
നമ്മുടെ നാട്ടിലെ യുവാക്കളിൽ ഒരു വിഭാഗം ലഹരിക്ക് എതിരെ ശക്തമായി പ്രതികരിക്കുന്നുണ്ട്.
അവരെ സഹായിക്കുക; അവർക്ക് പിന്തുണ നൽകുക.
പള്ളി കമ്മറ്റിയും, അമ്പല കമ്മറ്റിയും, ചർച്ച് കമ്മറ്റിയും, സകല രാഷ്ട്രീയ പാർട്ടികളും, യുവജന സംഘടനകളും, ക്ലബുകളും ഒന്നിച്ച് ചേർന്ന്, പഞ്ചായത്ത് ഭരണാധികാരികളുടെ നേതൃത്വത്തിൽ ഈ വിപത്തിന് എതിരെ സ്ഥിരമായ കമ്മറ്റികൾ വാര്ഡ് തോറും രൂപീകരിക്കണം എന്ന് അഭ്യർത്ഥിക്കുകയാണ്. 
അവരുടെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകണം എന്ന് അപേക്ഷിക്കുകയാണ്.

നമ്മുടെ നാട്ടിൽ നിന്നും നാം ഇഷ്ടപ്പെടാത്ത ഒരു വാർത്ത വരുന്നതിനു മുമ്പ് നാം എല്ലാവരും ഒന്നിച്ച് ഉണരുക.
ലഹരിക്ക് എതിരെ....
 മീഡിയ 16 ന്യൂസ്