വർക്കല : സ്വകാര്യ ബസുകളുടെ നിയമലംഘനത്തിനെതിരേ വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷന്റെ മുന്നിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വർക്കല ശിവഗിരി റെയിൽവേ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ബസ് ഡ്രൈവർമാർക്ക് ലഘുലേഖകൾ നൽകുകയും റോഡ് അച്ചടക്കത്തിന്റെ ആവശ്യകതകളെക്കുറിച്ച് ബോധവത്കരണം നടത്തുകയും ചെയ്തു.
ബസുകൾ പലതും സ്റ്റാൻഡിൽ പ്രവേശിക്കാതെ സ്റ്റേഷനു മുന്നിൽ തോന്നുംപടി ബസ് നിർത്തി ആളെ ഇറക്കുകയും കയറ്റുകയുമാണിപ്പോൾ ചെയ്യുന്നത്. ഇതുകാരണം റെയിൽവേ സ്റ്റേഷന്റെ മുന്നിൽ എപ്പോഴും ഗതാഗതതടസ്സങ്ങളും അപകടങ്ങളും ഉണ്ടാവുന്നു. നവീകരണം നടക്കുന്ന റെയിൽവേയുടെ സ്ഥലത്തേക്കു വരുന്ന ഭാരമേറിയ വണ്ടികൾക്ക് പലപ്പോഴും തടസ്സവും ഉണ്ടാകുന്നു.
റെയിൽവേ സ്റ്റേഷനു മുന്നിലുള്ള രണ്ട് ഹമ്പുകളും റോഡ് റീടാർ ചെയ്തപ്പോൾ മാറ്റുകയുണ്ടായി. അതിനാൽ വാഹനങ്ങൾ വളരെ വേഗതയിലാണ് സഞ്ചരിക്കുന്നത്.
ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമായാണ് അസോസിയേഷൻ പ്രവർത്തകർ ബോധവത്കരണം നടത്തിയത്. വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് സി.പ്രസന്നകുമാർ ഉദ്ഘാടനം നിർവഹിച്ചു. സംഘടനാ പ്രസിഡന്റ് ബ്രഹ്‌മാസ് മോഹനൻ, അനിൽകുമാർ, നിസാർ നടയറ, ലൈന കണ്ണൻ, വർക്കല വാസുദേവൻ, രാധാകൃഷ്ണൻ, കെ-റെയിൽ കോഡിനേറ്റർ ജയേഷ് എന്നിവർ പങ്കെടുത്തു.