കേരള ബഡ്ജറ്റ് 2025.,ഒഴിഞ്ഞ് കിടക്കുന്ന വീടുകള്‍ ടൂറിസത്തിന്‌, ‘കെ ഹോം’ പദ്ധതി വരുന്നു

സംസ്ഥാനത്ത് കെ ഹോം പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ. കെ- ഹോംസ് പദ്ധതിക്കായി 5 കോടി രൂപ ബജറ്റിൽ അനുവദിച്ചു. കേരളത്തിൽ ആൾതാമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ പരമാവധി പ്രയോജനപ്പെടുത്തി ടൂറിസം വികസനത്തിന്റെ ഭാ​ഗമായി വിനോദസഞ്ചാരികള്‍ക്ക് താമസിക്കാൻ നല്‍കുന്നതാണ് പദ്ധതി. ഫോർട്ട് കൊച്ചി കുമരകം കോവളം മൂന്നാർ എന്നിവടങ്ങളിലെ 10 കിലോ മീറ്റർ ചുറ്റളവിലായിരിക്കും പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം പദ്ധതി നടത്തുക.

വീട്ടുടമകൾക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ പരിപാലനവും സുരക്ഷയും പദ്ധതിയിലൂടെ ഉറപ്പുവരുത്താൻ കഴിയും. ഫോർട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാർ തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ പത്തു കിലോമീറ്റർ ചുറ്റളവിൽ പൈലറ്റ് പദ്ധതി നടപ്പിലാക്കും. ഫലം വിലയിരുത്തി സംസ്ഥാന വ്യാപകമായി നടപ്പിലാക്കും- മന്ത്രി വ്യക്തമാക്കി.
വന്‍കിട കണ്‍വെന്‍ഷന്‍ സെന്ററുകളും ഡെസ്റ്റിനേഷന്‍ ടൂറിസം സെന്ററുകളും വികസിപ്പിക്കും. ഹോട്ടലുകള്‍ നിര്‍മിക്കാന്‍ 50 കോടി രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതി കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ആവിഷ്‌കരിക്കും. കൊച്ചി മുസിരിസ് ബിനാലെയുടെ 2025-26 എഡിഷനായി 7 കോടി രൂപയും ബജറ്റിൽ അനുവദിച്ചു.