എം സി റോഡിൽ ബൈക്ക് ടൂറിസ്റ്റ് ബസിൽ ഇടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

എം സി റോഡിൽ മിത്രപുരം നാൽപതിനായിരം പടിയിൽ നടന്ന അപകടത്തിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. അടൂർ പതിനാലാം മൈൽ സ്വദേശികൾ ആയ അമൽ (20) നിശാന്ത് (23) എന്നിവരാണ് മരിച്ചത്. ബൈക്ക് ടൂറിസ്റ്റ് ബസിൽ ഇടിച്ചാണ് അപകടം ഉണ്ടായത് .വെള്ളിയാഴ്ച പുലർച്ചെ 1 മണിയോട് കൂടിയാണ് അപകടം നടന്നത്.

അടൂർ ചെന്നമ്പള്ളിയിൽ ഉള്ള സൂപ്പർ മാർക്കറ്റിലെ ജീവനക്കാരാണ് അമലും നിഷാന്തും . സ്ഥാപനം അടച്ചതിനു ശേഷം പെട്രോൾ അടിക്കാൻ വരുന്ന വഴിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരാൾ സംഭവ സ്ഥലത്ത് വെച്ചും മറ്റൊരാൾ ആശുപത്രിയിൽ എത്തിയതിനു ശേഷവും ആണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം അടൂർ ഗവ ആശുപത്രിയിൽ ഉണ്ട്.അതേസമയം പുത്തൂരിൽ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് സ്വകാര്യ ബസ്സിലേക്ക് ഇടിച്ചു കയറി പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. ഹയർ സെക്കൻഡറി വിദ്യാർഥിയായ ഇടവട്ടം സ്വദേശി അഭിനവ് (18) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പുത്തൂർ ആയിരുന്നു അപകടം. അഭിനവും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് എതിർശയിൽ ചീരങ്കാവിൽ നിന്നും പുത്തൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ രണ്ടുപേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്‍റെ നില ഗുരുതരമായി തുടരുകയാണ്.