‘സഹോദരിയുടെ മകനാണ് വിവരം അറിയിച്ചത്; ഇളയമകന്‍ മരിച്ചു പോയെന്ന് അപ്പോള്‍ എനിക്കറിയില്ലായിരുന്നു’ ; കണ്ണീരോടെ പ്രതിയുടെ പിതാവ്

അഫാന് സ്വയം വരുത്തി വച്ച സാമ്പത്തിക ബാധ്യതകളോ മാനസികമായ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നില്ലെന്ന് പിതാവ്. നാല് മണിയോടെയാണ് നാട്ടില്‍ നിന്ന് വിളിച്ച് വിവരം പറയുന്നതെന്നും സഹോദരിയുടെ മകനാണ് വിവരം അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്തമാക്കി. അപ്പോഴും തന്റെ ഇളയ മകന്‍ മരിച്ച വിവരം അറിഞ്ഞിട്ടില്ലായിരുന്നുവെന്ന് കണ്ണീരോടെ പിതാവ് പറയുന്നു.ഉമ്മയുടെ മരണമാണ് ആദ്യമറിഞ്ഞത്. പിന്നാലെ റിയാദില്‍ നിന്ന് സുഹൃത്ത് വിളിച്ച് ഭാര്യയ്ക്കും മകനും ഇങ്ങനെ പറ്റിയെന്ന് പറഞ്ഞു. ശേഷം നാട്ടിലുള്ള ഒരാളെ വിളിച്ചപ്പോള്‍ ഇക്കയുടെ മകനും ഭാര്യയ്ക്കും മകനും എന്തൊക്കെ സംഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ശേഷം നാട്ടില്‍ ഭാര്യയുടെ അനുജത്തിയെ വിളിച്ചു. ഹോസ്പിറ്റലിലാണെന്ന് പറഞ്ഞു. എന്റെ ഇളയ മകന്‍ മരിച്ച കാര്യം അപ്പോളും ഞാന്‍ അറിഞ്ഞിട്ടില്ലായിരുന്നു – അദ്ദേഹം പറഞ്ഞു. രണ്ട് ദിവസം മുന്‍പ് വീട്ടില്‍ വിളിച്ചിരുന്നുവെന്നും പ്രത്യേകിച്ച് പ്രശ്‌നങ്ങളുള്ളതായി പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.ആറ് മാസത്തെ വിസിറ്റിങിന് അഫാന്‍ സൗദിയില്‍ വന്നിരുന്നുവെന്നും സന്തോഷത്തോടെയാണ് തിരിച്ചു പോയതെന്നും പിതാവ് വ്യക്തമാക്കി. എന്താണ് അവന് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു. ഒരാഴ്ചയ്ക്ക് മുന്‍പാണ് അഫാനെ വിളിച്ചു സംസാരിച്ചത്. എനിക്ക് കുറച്ച് ബാധ്യതകളുണ്ടായിരുന്നു. വീടും പുരയിടവും വിറ്റ് അത് തീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു. അത് നടന്നില്ല. ഇത്തരത്തില്‍ ബാധ്യത തീര്‍ക്കുന്നതില്‍ അവനും എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല – അദ്ദേഹം വ്യക്തമാക്കി.അഫാന് പെണ്‍സുഹൃത്ത് ഉണ്ടെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും എന്നാല്‍ അതിനെ എതിര്‍ത്തിരുന്നില്ലെന്നും പിതാവ് പറഞ്ഞു. ഈ പെണ്‍കുട്ടിയോട് സാമ്പത്തിക സഹായം വാങ്ങിയിരുന്നുവെന്നും അതില്‍ പകുതിയോളം താന്‍ തന്നെ അയച്ചു കൊടുത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഉമ്മയുമായോ സഹോദരനുമായോ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. യാതൊരു തര്‍ക്കങ്ങളും ഉണ്ടായിരുന്നില്ല. ഏഴ് വര്‍ഷമായി അഫാന്റെ പിതാവ് സൗദിയിലാണ്. കുടുംബത്തില്‍ ഒരു പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ലെന്ന് ആവര്‍ത്തിച്ച അദ്ദേഹം സാമ്പത്തിക ബാധ്യത വന്നപ്പോഴാണ് ഇടറിപ്പോയതെന്നും വ്യക്തമാക്കി.