വെഞ്ഞാറമൂട്ടില്‍ യുവതി ജീവനൊടുക്കിയ നിലയില്‍; ചിലര്‍ ശല്യപ്പെടുത്തിയിരുന്നുവെന്ന് സഹോദരന്‍, വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകിയിട്ടും ഒരു നടപടിയും എടുത്തില്ല

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് മൂക്കന്നൂര്‍ സ്വദേശി പ്രവീണ(32) ആണ് മരിച്ചത്. മരണത്തില്‍ പൊലീസിനെതിരെ ആരോപണമുയര്‍ത്തി സഹോദരന്‍ പ്രവീണ്‍ രംഗത്തെത്തി.


പ്രവീണയെ ചിലര്‍ ശല്യപ്പെടുത്തിയിരുന്നതായി കുടുംബം വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്നാണ് ആരോപണം.


സഹോദരിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ ഉണ്ടായി. ഇതിന് പിന്നില്‍ ചില നാട്ടുകാരും കുടുംബക്കാരും ആണെന്ന് സഹോദരന്‍ ആരോപിച്ചു. മാനസികമായി തളര്‍ന്ന നിലയില്‍ ആയിരുന്നു സഹോദരി. മൊബൈല്‍ ഫോണില്‍ ഒരാള്‍ മോശം സന്ദേശങ്ങള്‍ അയച്ചു. കഴിഞ്ഞ ദിവസം ബൈക്കില്‍ എത്തിയ അജ്ഞാതന്‍ പ്രവീണയുടെ വാഹനം ഇടിച്ചിട്ടു. അപകടത്തില്‍ പ്രവീണയ്ക്ക് സാരമായി പരിക്കേറ്റെന്നും സഹോദരന്‍ പ്രവീണ്‍ പറഞ്ഞു.



(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)