ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; തമന്നയെയും കാജല്‍ അഗര്‍വാളിനെയും ചോദ്യം ചെയ്യാന്‍ നീക്കം

കോടികളുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടിമാരായ തമന്ന ഭാട്ടിയ, കാജല്‍ അഗര്‍വാള്‍ എന്നിവരെ ചോദ്യം ചെയ്യാന്‍ നീക്കം. 60 കോടിയുടെ തട്ടിപ്പ് കേസിലാണ് പുതുച്ചേരി പൊലീസിന്റെ നടപടി. ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് പണംതട്ടിയെന്ന് ആരോപിച്ച് വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍ ആയിട്ടുണ്ട്.2022-ല്‍ കോയമ്പത്തൂര്‍ ആസ്ഥാനമായി ആരംഭിച്ച ക്രിപ്‌റ്റോകറന്‍സി കമ്പനിക്കെതിരേയാണ് കേസ്. കമ്പനിയുടെ ഉദ്ഘാടന ചടങ്ങില്‍ തമന്ന പങ്കെടുത്തിരുന്നു. മഹാബലിപുരത്തെ ഒരു ഹോട്ടലില്‍ നടന്ന പരിപാടിയില്‍ നടി കാജല്‍ അഗര്‍വാളും പങ്കെടുത്തിരുന്നു. ശേഷം കമ്പനി മുംബൈയിലെ ഒരു ക്രൂയിസ് കപ്പലില്‍ പാര്‍ട്ടി നടത്തിയിരുന്നു.



എന്നാല്‍ കമ്പനിയില്‍ നടിമാര്‍ക്ക് പങ്കാളിത്തം ഉണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. നിതീഷ് ജെയിന്‍, അരവിന്ദ് കുമാര്‍ എന്നിവരാണ് നിലവില്‍ കേസില്‍ അറസ്റ്റിലായത്.അതേസമയം ഓണ്‍ലൈന്‍ പരസ്യം കണ്ട് താന്‍ കമ്പനിയില്‍ പണം നിക്ഷേപിച്ചിരുന്നെന്ന് വിരമിച്ച സൈനിക ഉദ്യോഗസ്ഥന്റെ പരാതിയില്‍ പറയുന്നു. ഒരു കോടി നിക്ഷേപിച്ചിട്ടുണ്ടെന്നും പത്ത് സുഹൃത്തുക്കളെ കൊണ്ട് 2.4 കോടി കമ്പനിയില്‍ നിക്ഷേപിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കുന്നതിനായി തുടക്കത്തില്‍ ആഡംബര കാറുകള്‍ സമ്മാനമായി നല്‍കിയിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹി, ഒഡീഷ, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കേരളം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ കമ്പനിക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പുതുച്ചേരി സൈബര്‍ ക്രൈം എസ്പി ഡോ. ഭാസ്‌കരന്‍ പറഞ്ഞു.