ചിറയിൻകീഴ് : ശാർക്കര നായർ കരയോഗം ശതാബ്ദിയുടെ നിറവിൽ. നൂറുവർഷം പൂർത്തിയാക്കിയ സ്വതന്ത്ര നായർ കരയോഗത്തിന്റെ നവീകരിച്ച മന്ദിരോദ്ഘാടനം ചൊവ്വാഴ്ച തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവതിഭായി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30-നാണ് ഉദ്ഘാടന സമ്മേളനം.
1926-ലാണ് ശാർക്കര നായർ കരയോഗം സ്വതന്ത്ര കരയോഗമായി രൂപവത്കരിച്ചത്. തുടക്കത്തിൽ മൂന്ന് സെന്റ് സ്ഥലത്ത് പ്രവർത്തനം ആരംഭിച്ച കരയോഗം നിലവിൽ പതിനാറ് സെന്റിലാണ് പ്രവർത്തിക്കുന്നത്. 368 കുടുംബങ്ങളിലായി 3250 അംഗങ്ങളുമുണ്ട്. സാധാരണക്കാർക്ക് ആശ്വാസമാകുന്ന നിലയിൽ ശാർക്കര ക്ഷേത്രത്തിനോട് ചേർന്ന് ഒരു സദ്യാലയവും കരയോഗത്തിന്റേതായി പ്രവർത്തിക്കുന്നു. വർഷംതോറും ഒട്ടനവധി ക്ഷേമപ്രവർത്തനങ്ങൾക്കും കരയോഗം നേതൃത്വം നൽകിവരുന്നുണ്ട്. ചികിത്സാ സഹായം, മത്സരപരീക്ഷകളിൽ വിദ്യാർഥികൾക്ക് അവാർഡ്, ഉത്സവകാല സഹായം എന്നിവ ചെയ്തുവരുന്നതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
പൊതുയോഗത്തിൽ കരയോഗം പ്രസിഡന്റ് ചെല്ലപ്പൻപിള്ള അധ്യക്ഷനാകും, സെക്രട്ടറി രാമചന്ദ്രൻ നായർ, പഞ്ചായത്തംഗങ്ങളായ മുരളീധരൻ നായർ, സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും. സി.കെ. പ്രസന്നചന്ദ്രൻ നായർ, ആർ.പി.ഗോപിനാഥൻ നായർ, കെ.സുനിൽകുമാർ, ജി.അനിൽകുമാർ, കെ.ഗോപകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. നവീകരിച്ച മന്ദിരോദ്ഘാടനത്തോടനുബന്ധിച്ച് ഉപഹാര സമർപ്പണവും വിവിധ കലാപരിപാടികളും നടക്കും.