വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ , പ്രതിപക്ഷത്തിന്റെ വിയോജനക്കുറിപ്പും സഭയിലെത്തും

2024 ലെ വഖഫ് (ഭേദഗതി) ബില്ല് ഇന്ന് വീണ്ടും ലോക്‌സഭയില്‍ എത്തും. പാര്‍ലമെന്ററി സംയുക്ത സമിതി ഇതു സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ലോക്സഭയില്‍ അവതരിപ്പിക്കും. ഫെബ്രുവരി മൂന്നിന്‌ ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അത് പുതുക്കിയ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

വഖഫ് ബില്ലിനെക്കുറിച്ചുള്ള ജെപിസിയുടെ അന്തിമ റിപ്പോര്‍ട്ട് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് ജനുവരി 30 ന് പാനല്‍ സമര്‍പ്പിച്ചിരുന്നു. ഭരണകക്ഷിയായ എന്‍ഡിഎ അംഗങ്ങള്‍ നിര്‍ദ്ദേശിച്ച 14 ഭേദഗതികള്‍ അംഗീകരിച്ചെങ്കിലും, പ്രതിപക്ഷ എംപിമാരുടെ എല്ലാ ഭേദഗതികളും നിരസിക്കപ്പെട്ടു. പ്രതിപക്ഷ നേതാക്കളുടെ വിയോജിപ്പ് കുറിപ്പുകള്‍ സഹിതമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത് .ജെപിസി അന്തിമ റിപ്പോര്‍ട്ട് 482 പേജുള്ളതാണ്. പ്രതിപക്ഷത്തിന്റെ വിയോജിപ്പ് കുറിപ്പുകള്‍ 281 പേജുകളിലായാണ് തയ്യാറാക്കിയിരിക്കുന്നത്.



വഖഫ് ബില്ലിനെക്കുറിച്ചുള്ള വിയോജിപ്പ് കുറിപ്പിന്റെ ചില ഭാഗങ്ങള്‍ ജെപിസി ചെയര്‍മാന്‍ അവരുടെ സമ്മതമില്ലാതെ തിരുത്തിയെഴുതിയതായി ചില പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. കോണ്‍ഗ്രസ് എംപി സയ്യിദ് നസീര്‍ ഹുസൈനും എഐഎംഐഎം എംപി അസദുദ്ദീന്‍ ഒവൈസിയും സമാനമായ ആശങ്കകള്‍ ഉന്നയിച്ചു. ബില്ലിലെ വ്യവസ്ഥകളെക്കുറിച്ചുള്ള എല്ലാ എതിര്‍പ്പുകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ റിപ്പോര്‍ട്ടിന്റെ ഭാഗമാകാന്‍ കഴിയില്ലെന്ന് ജെപിസി ചെയര്‍മാന്‍ ജഗദംബിക പാല്‍ ന്യായീകരിച്ചു.